16th Canadian Nehru Trophy Boat Race Brampton
ബ്രാംപ്ടൺ (ഒന്റാറിയോ): കാനഡയിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ സാംസ്കാരിക ഉത്സവങ്ങളിലൊന്നായ കനേഡിയൻ നെഹ്‌റു ട്രോഫി വള്ളംകളിയുടെ 16-ാമത് പതിപ്പിന് പ്രൗഢഗംഭീരമായ തുടക്കം. ഒന്റാറിയോയിലെ ബ്രാംപ്ടൺ സിറ്റി ഹാളിൽ വെച്ച് നടന്ന ഔദ്യോഗിക കൊടിയേറ്റൽ ചടങ്ങോടെയാണ് ഈ വർഷത്തെ വള്ളംകളി ആഘോഷങ്ങൾക്ക് തുടക്കമായത്. പ്രവാസി മലയാളി സമൂഹത്തിന് പുറമെ കനേഡിയൻ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സാക്ഷികളായി അണിനിരന്നു.
കാനഡയുടെ ട്രഷറി ബോർഡ് ചെയർമാൻ ഷാഫ്ക്വറ്റ് അലി, ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗൺ എന്നിവർ മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുത്തു. വിവിധ സിറ്റി കൗൺസിലർമാരും പ്രവാസി നേതാക്കളും ചടങ്ങിന് മാറ്റുകൂട്ടി. ബ്രാംപ്ടൺ മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ വർഷങ്ങളായി വിജയകരമായി നടത്തിവരുന്ന ഈ ജലമേള, കേരളത്തിന്റെ തനത് സംസ്കാരത്തെ അന്താരാഷ്ട്ര തലത്തിൽ അടയാളപ്പെടുത്തുന്ന ഒന്നായി മാറിയിട്ടുണ്ടെന്ന് മേയർ പാട്രിക് ബ്രൗൺ അഭിപ്രായപ്പെട്ടു. സമാജം ജനറൽ സെക്രട്ടറി ലെജു രാമചന്ദ്രൻ ചടങ്ങിൽ സ്വാഗത പ്രസംഗം നടത്തി.
ബ്രാംപ്ടൺ മലയാളി സമാജം പ്രസിഡന്റ് കുര്യൻ പ്രേക്കാനം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കാനഡയിലെ ഏറ്റവും വലിയ ജനകീയ ഉത്സവങ്ങളിൽ ഒന്നായി ഈ വള്ളംകളിയെ മാറ്റിയെടുത്ത എല്ലാ പ്രവാസി സംഘടനകൾക്കും മലയാളി സുഹൃത്തുക്കൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ വെച്ച് ഈ വർഷത്തെ വള്ളംകളിയുടെ മെഗാ സ്പോൺസറും സമാജം വൈസ് പ്രസിഡന്റുമായ അരുൺ ശിവരാമനെ സമാജത്തിന് വേണ്ടി പ്രസിഡന്റ് മെഡൽ നൽകി ആദരിച്ചു.
സിറ്റി ഹാളിൽ ഔദ്യോഗികമായി കൊടിയുയർന്നതോടെ വരാനിരിക്കുന്ന പ്രധാന മത്സരങ്ങൾക്കായുള്ള ഒരുക്കങ്ങളിലേക്ക് ഓർഗനൈസിങ് കമ്മിറ്റി കടന്നിരിക്കുകയാണ്. വള്ളംകളി ടീമുകളുടെ രജിസ്ട്രേഷനുകളും വിപുലമായ പ്രചാരണ പരിപാടികളും സജീവമായി മുന്നോട്ട് പോവുകയാണെന്ന് ഓർഗനൈസിങ് സെക്രട്ടറിമാരായ തോമസ് കോന്നി, ജോമൽ സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു. 2026 ആഗസ്റ്റ് 8-ന് ബ്രാംപ്ടണിലെ പ്രൊഫസേഴ്സ് ലേക്കിൽ (Professor’s Lake) വച്ചാണ് ആവേശകരമായ ചുണ്ടൻ വള്ളങ്ങളുടെ മത്സരങ്ങൾ നടക്കുക. ഈ ജലമാമാങ്കത്തിൽ നോർത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പ്രമുഖ ടീമുകൾ മാറ്റുരയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.




















