Kunnamkulam child accident electric auto
തൃശൂർ: കീ ഓഫ് ചെയ്യാൻ മറന്ന് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഇലക്ട്രിക് ഓട്ടോറിക്ഷയുമായി കളിക്കുന്നതിനിടെ വണ്ടി മുന്നോട്ട് നീങ്ങി കിണറ്റിലേക്ക് മറിഞ്ഞ് നാല് വയസ്സുകാരിക്ക് പരിക്ക്. കുന്നംകുളം മരത്തംകോട് അമ്പലം പള്ളി സ്വദേശികളായ ബിന്നി – സീമ ദമ്പതികളുടെ മകൾ എൽസിയാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് 2.45-ഓടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ഭാഗ്യം കൊണ്ടുമാത്രം ജീവൻ തിരിച്ചു കിട്ടിയ കുട്ടിയെ നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓട്ടോറിക്ഷ ഡ്രൈവറായ കുട്ടിയുടെ അമ്മയുടെ പിതാവ് ഉച്ചഭക്ഷണം കഴിക്കുന്നതിനായി വീട്ടിലേക്ക് വന്ന സമയത്താണ് അപകടമുണ്ടായത്. വണ്ടി മുറ്റത്ത് നിർത്തിയ അദ്ദേഹം ഇലക്ട്രിക് ഓട്ടോറിക്ഷയുടെ ചാവി ഓഫ് ചെയ്യാൻ മറന്നുപോയിരുന്നു. ഈ സമയത്താണ് നാല് വയസ്സുകാരിയായ എൽസി ഓട്ടോറിക്ഷയിൽ കയറി കളിക്കാൻ തുടങ്ങിയത്. കുട്ടി കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ വാഹനത്തിന്റെ ആക്സിലേറ്റർ തിരിക്കുകയായിരുന്നു.
ഇതോടെ പെട്ടെന്ന് നിയന്ത്രണം വിട്ട് മുന്നോട്ട് കുതിച്ച ഓട്ടോറിക്ഷ വീടിന്റെ മൂലയിലുണ്ടായിരുന്ന കിണറ്റിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഓട്ടോറിക്ഷയോടൊപ്പം കുട്ടിയും കിണറ്റിൽ അകപ്പെട്ടെങ്കിലും ശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസി ഉടനടി കിണറ്റിൽ ഇറങ്ങി കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തു. വിവരമറിഞ്ഞ് കുന്നംകുളം ഗ്രേഡ് ഫയർ സ്റ്റേഷൻ ഓഫീസർ ബെന്നി മാത്യുവിന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം സംഭവസ്ഥലത്തെത്തി കിണറ്റിൽ കിടന്ന ഓട്ടോറിക്ഷ പുറത്തെടുത്തു. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്.ആർ. സനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.




















