ഓവൻ സൗണ്ട് : ഒന്റാരിയോയിലെ ഓവൻ സൗണ്ടിൽ മലയാളി സമൂഹത്തിന് ഉൾപ്പെടെ ഏറെ പരിചിതമായ ‘ദി കറി ഹൗസ്’ റെസ്റ്റോറന്റ് ഉടമ ശരീഫ് റഹ്മാൻ കൊല്ലപ്പെട്ട കേസിൽ പ്രതികളായ മൂന്ന് സ്കോട്ടിഷ് പൗരന്മാർ കനേഡിയൻ കോടതിയിൽ കുറ്റം സമ്മതിച്ചു. വെള്ളിയാഴ്ച നടന്ന വാദത്തിനിടയിലാണ് മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് (Manslaughter) താൻ ഉത്തരവാദിയാണെന്ന് മുഖ്യപ്രതി റോബർട്ട് ഈവൻസ് ജൂനിയർ കോടതിയിൽ സമ്മതിച്ചത്. അക്രമത്തിന് ഇരയായി ശരീഫ് റഹ്മാൻ മരിച്ച് ഏകദേശം മൂന്ന് വർഷത്തോടടുക്കുമ്പോഴാണ് കേസിൽ നിർണായകമായ ഈ കോടതി വിധി വരുന്നത്.
2023 ഓഗസ്റ്റിലായിരുന്നു കാനഡയെ ഒന്നടങ്കം നടുക്കിയ ദാരുണമായ സംഭവം അരങ്ങേറിയത്. റെസ്റ്റോറന്റിലെ ഭക്ഷണബില്ലിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ശരീഫ് റഹ്മാനെ പ്രതികൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹം ഒരാഴ്ചയ്ക്ക് ശേഷം മരണത്തിന് കീഴടങ്ങി. സംഭവത്തിന് ശേഷം കാനഡയിൽ നിന്നും രക്ഷപ്പെട്ട പ്രതികളെ അന്താരാഷ്ട്ര അന്വേഷണത്തിനൊടുവിൽ സ്കോട്ട്ലൻഡിൽ നിന്നാണ് പിടികൂടിയത്. തുടർന്ന് കഴിഞ്ഞ വർഷം അവസാനത്തോടെ ഇവരെ കാനഡയ്ക്ക് കൈമാറുകയായിരുന്നു (Extradition).
കോടതിയിൽ കുറ്റസമ്മതം നടത്തിയ റോബർട്ട് ഈവൻസ് ജൂനിയർ, ശരീഫ് റഹ്മാന്റെ കുടുംബത്തോടും ഓവൻ സൗണ്ട് സമൂഹത്തോടും പരസ്യമായി മാപ്പപേക്ഷിച്ചു. ഇതൊരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്നും, റഹ്മാന്റെ മരണത്തിന് താൻ കാരണക്കാരനായതിൽ അങ്ങേയറ്റം ഖേദിക്കുന്നുവെന്നും പ്രതി കോടതിയെ അറിയിച്ചു. കേസിൽ റോബർട്ട് ഈവൻസ് ജൂനിയറിന് 42 മാസത്തെ തടവുശിക്ഷയാണ് പ്രൊസിക്യൂഷനും പ്രതിഭാഗവും സംയുക്തമായി ശുപാർശ ചെയ്തിരിക്കുന്നത്. ഇതിൽ അന്തിമ വിധി ജൂലൈയിൽ കോടതി പ്രസ്താവിക്കും.
അതേസമയം, കുറ്റകൃത്യത്തിന് ശേഷം പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച (Accessory after the fact) പിതാവ് റോബർട്ട് ബസ്ബി ഈവൻസ്, അമ്മാവൻ ബാരി ഈവൻസ് എന്നിവരും കോടതിയിൽ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇവർക്ക് 21 മാസം വീതം തടവുശിക്ഷയാണ് ശുപാർശ ചെയ്തിരിക്കുന്നത്. എന്നാൽ ഇവർ ഇതിനകം തന്നെ റിമാൻഡ് കാലാവധി പൂർത്തിയാക്കിയതിനാൽ ശിക്ഷാ നടപടികൾക്ക് ശേഷം കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) ഇവരെ കസ്റ്റഡിയിലെടുക്കുമെന്നും, തുടർന്ന് ബ്രിട്ടനിലേക്ക് നാടുകടത്തുമെന്നും പ്രതിഭാഗം അഭിഭാഷകർ വ്യക്തമാക്കി.





















