Air Canada pilot arrested license fraud
ടൊറന്റോ: ആവശ്യമായ പൈലറ്റ് ലൈസൻസില്ലാതെ നൂറുകണക്കിന് വിമാന സർവീസുകൾ നടത്തിയ മുൻ എയർലൈൻ ക്യാപ്റ്റൻ കാനഡയിൽ ഒടുവിൽ അറസ്റ്റിലായി. ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ പീൽ റീജിയണൽ പൊലീസാണ് പ്രതിയെ പിടികൂടിയത്. അതീവ സങ്കീർണ്ണമായ ഒരു സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ‘പ്രോജക്ട് ഇക്കാരസ്’ എന്ന അന്വേഷണത്തിനൊടുവിലാണ് ഈ നാടകീയ അറസ്റ്റ്.
ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടാനായി ഇന്ന് രാവിലെ 11 മണിക്ക് പൊലീസ് പ്രത്യേക വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. പീൽ പൊലീസിന്റെ ഡെപ്യൂട്ടി ചീഫ് നിക്ക് മിലിനോവിച്ച്, പീൽ റീജിയണൽ ചെയർമാൻ നാൻഡോ ഇയാനിക്ക എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുക്കും. സംഭവം വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി പ്രമുഖ വിമാനക്കമ്പനിയായ എയർ കാനഡ തന്നെ നേരിട്ട് രംഗത്തെത്തി.
യാത്രക്കാരുടെ സുരക്ഷയിൽ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ലെന്ന് വിമാനക്കമ്പനി തങ്ങളുടെ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ഈ വ്യക്തിക്ക് വലിയ വിമാനങ്ങൾ പറത്താൻ ആവശ്യമായ ‘എയർലൈൻ ട്രാൻസ്പോർട്ട് പൈലറ്റ് ലൈസൻസ്’ (ATPL) ഇല്ലായിരുന്നു എന്നത് ശരിയാണ്. എന്നാൽ ഇയാൾക്ക് സാധുതയുള്ള കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ഉണ്ടായിരുന്നുവെന്ന് എയർ കാനഡ വിശദീകരിച്ചു.
എയർ കാനഡയിലെ സേവനകാലയളവിൽ ഇയാൾ ആവശ്യമായ എല്ലാവിധ പരിശീലനങ്ങളും വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. വലിയ വിമാനങ്ങൾ പറത്തുന്ന ക്യാപ്റ്റൻമാർക്ക് കാനഡയിൽ ലിഖിത പരീക്ഷകൾ പാസായ ശേഷമുള്ള പ്രത്യേക ലൈസൻസ് നിർബന്ധമാണ്. ഇതിലായിരുന്നു ഇയാൾ ഗുരുതര വീഴ്ച വരുത്തിയത്.
ഈ ലൈസൻസ് പോരായ്മ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഇയാളെ ജോലിയിൽ നിന്ന് നീക്കം ചെയ്തിരുന്നു. തുടർന്ന് വിഷയം ട്രാൻസ്പോർട്ട് കാനഡയ്ക്ക് റിപ്പോർട്ട് ചെയ്തതായും എയർലൈൻ വ്യക്തമാക്കി. വിഷയത്തിൽ എയർ ലൈൻ പൈലറ്റ്സ് അസോസിയേഷനും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് നിലവിൽ കർശന അന്വേഷണം നടക്കുകയാണെന്ന് അസോസിയേഷൻ വ്യക്തമാക്കി. യാത്രക്കാരുടെയും ക്രൂ അംഗങ്ങളുടെയും സുരക്ഷയ്ക്കാണ് തങ്ങൾ എപ്പോഴും മുൻഗണന നൽകുന്നത്. വിമാന വ്യവസായത്തിലെ ലൈസൻസ് നിയമങ്ങൾ കർശനമായി പാലിക്കാൻ അസോസിയേഷൻ ബാധ്യസ്ഥരാണെന്നും അവർ കൂട്ടിച്ചേർത്തു.





















