Indigo flight bird strike Bengaluru
ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും മുംബൈയിലേക്ക് സർവീസ് നടത്തുകയായിരുന്ന ഇൻഡിഗോ വിമാനത്തിന്റെ മുൻവശത്ത് പക്ഷിയിടിച്ചതിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. ഇൻഡിഗോയുടെ 6E 6283 എന്ന ഫ്ലൈറ്റാണ് പക്ഷി ഇടിച്ചതിനെ തുടർന്ന് ബെംഗളൂരു വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്. വെള്ളിായാഴ്ച നടന്ന ഈ സംഭവത്തിന്റെ വിവരങ്ങൾ ഇന്ന് മാത്രമാണ് ഔദ്യോഗിക കേന്ദ്രങ്ങൾ പുറത്തുവിട്ടത്.
ബെംഗളൂരു വിമാനത്താവളത്തിലെ റൺവേയിൽ നിന്ന് വിമാനം പറന്നുയരുന്നതിനിടെയാണ് പക്ഷിയിടിച്ചത്. അപകടം ശ്രദ്ധയിൽപ്പെട്ടയുടൻ പൈലറ്റ് ജാഗ്രത പാലിക്കുകയും മുൻകരുതൽ നടപടിയായി വിമാനം സുരക്ഷിതമായി തിരികെ റൺവേയിൽ ഇറക്കുകയുമായിരുന്നു. തുടർന്ന് വിദഗ്ധരായ എൻജിനീയർമാർ എത്തി വിമാനത്തിന് എന്തെങ്കിലും തരത്തിലുള്ള സാങ്കേതിക തകരാറുകളോ കേടുപാടുകളോ സംഭവിച്ചിട്ടുണ്ടോ എന്ന് വിശദമായി പരിശോധിച്ചു.
പരിശോധനകളിൽ വിമാനത്തിന് മറ്റ് സുരക്ഷാ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കിയതിനെ തുടർന്ന് ഒരു മണിക്കൂറിലധികം വൈകിയാണ് വിമാനം മുംബൈയിലേക്കുള്ള യാത്ര പുനരാരംഭിച്ചത്. അപകടത്തിൽ യാത്രക്കാർക്കോ വിമാനത്തിലെ ജീവനക്കാർക്കോ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി. പൈലറ്റിന്റെ സമയബന്ധിതമായ ഇടപെടലാണ് വലിയൊരു അപകടം ഒഴിവാക്കിയത്.





















