FIFA World Cup Canada children safety
ടൊറന്റോ: ഫിഫ പുരുഷ ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കാനഡയിൽ മനുഷ്യക്കടത്ത് ഭീഷണി ഉയരുന്നതായി ശിശു സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ടൊറന്റോ, വാൻകൂവർ എന്നീ നഗരങ്ങളിലേക്ക് അന്താരാഷ്ട്ര സന്ദർശകർ വൻതോതിൽ എത്തിച്ചേരുന്നത് കുട്ടികളുടെയും യുവാക്കളുടെയും സുരക്ഷയ്ക്ക് കടുത്ത ഭീഷണിയായേക്കാം. ലോകകപ്പ് പോലുള്ള വലിയ കായികമേളകളുടെ പശ്ചാത്തലത്തിൽ, ലൈംഗിക ചൂഷണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ക്രിമിനൽ സംഘങ്ങൾ സജീവമാകാൻ സാധ്യതയുണ്ടെന്ന് ‘ചിൽഡ്രൻസ് എയ്ഡ് സൊസൈറ്റി ഓഫ് ടൊറന്റോ’ സി.ഇ.ഓ ലിസ ടോംലിൻസൺ വ്യക്തമാക്കി.
വലിയ ജനക്കൂട്ടം, വിനോദസഞ്ചാരികളുടെ ഒഴുക്ക്, മത്സരങ്ങളോടനുബന്ധിച്ചുള്ള ആഘോഷങ്ങൾ എന്നിവ മനുഷ്യക്കടത്ത് സംഘങ്ങൾക്ക് അനുകൂല സാഹചര്യമൊരുക്കുന്നു എന്നാണ് വിലയിരുത്തൽ. സോഷ്യൽ മീഡിയ വഴിയും മൊബൈൽ ഫോണുകൾ വഴിയുമാണ് ഇത്തരം സംഘങ്ങൾ കുട്ടികളെയും കൗമാരക്കാരെയും പ്രധാനമായും വലയിലാക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയും മാനസികമായി തളർന്നുനിൽക്കുന്നവരെയുമാണ് ഇവർ ലക്ഷ്യമിടുന്നത്. ഭക്ഷണം, പണം, പുതിയ വസ്ത്രങ്ങൾ, ആഘോഷങ്ങളിൽ പങ്കെടുക്കാനുള്ള അവസരം എന്നിവ വാഗ്ദാനം ചെയ്താണ് കുട്ടികളെ ആകർഷിക്കുന്നത്. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും യുവാക്കൾ ഒരുപോലെ ഈ അപകടസാധ്യത നേരിടുന്നുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
ബ്രിട്ടീഷ് കൊളംബിയയിലെ സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് നിലവിൽ കാനഡയിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. മികച്ച യാത്രകളും അവസരങ്ങളും വാഗ്ദാനം ചെയ്ത് യുവാക്കളെ ഒരു പ്രവിശ്യയിൽ നിന്ന് മറ്റൊന്നിലേക്ക് കടത്താനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. കുട്ടികൾ പെട്ടെന്ന് വിലകൂടിയ വസ്ത്രങ്ങളോ സമ്മാനങ്ങളോ ഉപയോഗിക്കാൻ തുടങ്ങുകയോ, കൃത്യമായ വിവരങ്ങൾ നൽകാതെ ദീർഘനേരം പുറത്തുപോവുകയോ ചെയ്യുന്നത് ഇതിന്റെ സൂചനയാകാം. കുട്ടികൾ പുറത്തുപോകുമ്പോൾ കൃത്യമായ സുരക്ഷാ പ്ലാൻ തയാറാക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാനുള്ള സംവിധാനം ഉറപ്പാക്കണമെന്നും അധികൃതർ മാതാപിതാക്കളോട് നിർദേശിച്ചു. കൂടുതൽ വിവരങ്ങൾക്കായി ചിൽഡ്രൻസ് എയ്ഡ് സൊസൈറ്റിയുടെ വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.





















