Fr Jojo Changanamthundathil Syro Malabar
ടൊറന്റോ: കാനഡയിലെ പ്രഥമ സിറോ മലബാർ ഇടവകയായ സെയിന്റ് തോമസ് സിറോ മലബാർ കത്തോലിക്ക ഫൊറോനാ പിൽഗ്രിം ദേവാലയത്തിന്റെ പുതിയ വികാരിയും പിൽഗ്രിം സെന്ററിന്റെ റെക്ടറുമായി റവ. ഫാ. ജോജോ (ജോർജ് ജോസഫ്) ചങ്ങനാംതുണ്ടത്തിൽ ചുമതലയേറ്റു. മിസ്സിസാഗ രൂപതയുടെ വികാരി ജനറൽ റവ. ഫാ. അഗസ്റ്റിൻ കല്ലുങ്കത്തറയിൽ, പുതിയ അസോസിയേറ്റ് വികാരി റവ. ഫാ. ഫ്രാൻസിസ് അക്കരപറ്റിയക്കൽ, ട്രസ്റ്റിമാരായ ജോൺ ചേന്നോത്ത്, സജി തോമസ്, സിനോ നടുവിലേക്കൂട്ട് എന്നിവരുടെ നേതൃത്വത്തിൽ അദ്ദേഹത്തെ ദേവാലയ കവാടത്തിൽ പൂച്ചെണ്ടു നൽകി സ്വീകരിച്ചു.
സന്നിഹിതരായവരുമായി സൗഹൃദ സംഭാഷണം നടത്തിയ ശേഷം ഫാ. ജോജോ ദേവാലയത്തിലേക്ക് പ്രവേശിക്കുകയും ബലിപീഠത്തെ ചുംബിച്ച് ആദരവ് അർപ്പിക്കുകയും ചെയ്തു. തുടർന്ന് ഇടവകയുടെ ആത്മീയവും സാമൂഹികവുമായ പ്രവർത്തനങ്ങളിൽ എല്ലാവരുടെയും സഹകരണവും പ്രാർത്ഥനയും അദ്ദേഹം അഭ്യർഥിച്ചു. വിശ്വാസികളുടെ കൂട്ടായ്മയിലൂടെയും ദൈവാനുഗ്രഹത്തിലൂടെയും ഇടവകയുടെ വളർച്ചയ്ക്കായി പ്രവർത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചതിനെ തുടർന്ന് അവിടെ കൂടിയിരുന്ന വിശ്വാസികൾക്ക് ആശീർവാദം നൽകി.
പ്രാർത്ഥനയ്ക്ക് ശേഷം ട്രസ്റ്റിമാരും അസോസിയേറ്റ് വികാരിയും ചേർന്ന് ഇടവക കെട്ടിടത്തിന്റെയും ഓഫീസ് സംവിധാനങ്ങളുടെയും താക്കോലുകൾ പുതിയ വികാരി ഫാ. ജോജോ ചങ്ങനാംതുണ്ടത്തിലിന് ഔപചാരികമായി കൈമാറി. ഇടവകയുടെ ആത്മീയ വളർച്ചയ്ക്കും തീർത്ഥാടന കേന്ദ്രത്തിന്റെ വികസനത്തിനും പുതിയ വികാരിയുടെ നേതൃത്വവും സേവനവും വലിയ അനുഗ്രഹമാകുമെന്ന് വികാരി ജനറൽ ഫാ. അഗസ്റ്റിൻ കല്ലുങ്കത്തറയിൽ പ്രത്യാശ പ്രകടിപ്പിച്ചു. മോൺട്രിയലിൽ നിന്നെത്തിയ അദ്ദേഹത്തിന്റെ മുൻ ഇടവകാംഗങ്ങളും സുഹൃത്തുക്കളും ഈ അവസരത്തിൽ സന്നിഹിതരായിരുന്നു. തുടർന്ന്, വിശ്വാസിസമൂഹത്തിനും അതിഥികൾക്കുമായി ഒരുക്കിയ സ്നേഹവിരുന്നോടെയാണ് സ്വീകരണ ചടങ്ങുകൾ അവസാനിച്ചത്.





















