Ruturaj Gaikwad instead of Rohit Sharma Virat Kohli
മുംബൈ: ഇംഗ്ലണ്ട്, അയർലൻഡ് പര്യടനങ്ങൾക്കുള്ള ഇന്ത്യൻ ട്വന്റി-20, ഏകദിന ക്രിക്കറ്റ് ടീമുകളെ നാളെ പ്രഖ്യാപിക്കും. മലയാളി താരം സഞ്ജു സാംസൺ ഏകദിന ടീമിൽ ഇടംപിടിച്ചേക്കില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ. നിലവിലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് പകരം ശ്രേയസ് അയ്യരെ പുതിയ ട്വന്റി-20 ക്യാപ്റ്റനായി നിയമിക്കാൻ സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചതായാണ് വിവരം. ഇന്ത്യയെ ലോകകിരീടത്തിലേക്ക് നയിച്ചെങ്കിലും സമീപകാലത്തെ മോശം ഫോമാണ് സൂര്യകുമാറിന് തിരിച്ചടിയായത്.
2028-ലെ ട്വന്റി-20 ലോകകപ്പും ഒളിമ്പിക്സും മുന്നിൽക്കണ്ട് യുവനിരയെ വാർത്തെടുക്കാനാണ് ചീഫ് സെലക്ടർ അജിത് അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ നീക്കം. ഇതിന്റെ ഭാഗമായി അക്സർ പട്ടേലിന് പകരം യുവതാരം തിലക് വർമ്മയെ ട്വന്റി-20 ടീമിന്റെ വൈസ് ക്യാപ്റ്റനാക്കും. ഭാവി നായകനായി തിലകിലെ വളർത്തിയെടുക്കുകയാണ് സെലക്ടർമാരുടെ ലക്ഷ്യം. ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ ബാറ്റിംഗ് വിസ്മയമായ 15-കാരൻ വൈഭവ് സൂര്യവംശിയും ഇത്തവണ ടീമിലിടം പിടിച്ചേക്കും. ഇതോടെ ഇന്ത്യൻ സീനിയർ ടീമിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതി വൈഭവിന് സ്വന്തമാകും.
അതേസമയം, അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ നിന്ന് പിന്മാറിയ വിരാട് കോലിക്ക് പകരക്കാരനെ നാളെ നിശ്ചയിക്കും. കോലിക്ക് പകരം റുതുരാജ് ഗെയ്ക്വാദ് ഏകദിന ടീമിലെത്തുമെന്നാണ് സൂചന. റുതുരാജ് എത്തുന്നതോടെ രജത് പടിദാറിനെ ഇന്ത്യ എ ടീമിലേക്ക് മാറ്റാനാണ് സാധ്യത. പരിക്കിന്റെ പിടിയിലാണെങ്കിലും രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ എന്നിവരെ ഏകദിന ടീമിൽ നിലനിർത്തിയിട്ടുണ്ട്. ഇവരുടെ ആരോഗ്യസ്ഥിതി സെലക്ഷൻ കമ്മിറ്റി പ്രത്യേകം വിലയിരുത്തും. അയർലൻഡിൽ രണ്ടും ഇംഗ്ലണ്ടിൽ അഞ്ചും ട്വന്റി-20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക.
Ruturaj Gaikwad instead of Rohit Sharma Virat Kohli




















