ലണ്ടൻ : ലണ്ടൻ നിവാസികൾക്ക് പ്രപഞ്ചരഹസ്യങ്ങൾ അടുത്തറിയാൻ അവസരമൊരുക്കി ‘അസ്ട്രോണമി ഇൻ ആക്ഷൻ’ പ്ലാനറ്റേറിയം ടൂർ എത്തുന്നു. 2026 മെയ് 30 ശനിയാഴ്ച ലണ്ടനിലെ റിവർസൈഡ് യുണൈറ്റഡ് ചർച്ചിൽ (695 Riverside Dr) വെച്ചാണ് ഈ വിജ്ഞാനപ്രദമായ പരിപാടി സംഘടിപ്പിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന തരത്തിൽ മൂന്ന് വ്യത്യസ്ത ഷോകളാണ് അന്നേ ദിവസം ക്രമീകരിച്ചിരിക്കുന്നത്.
ലണ്ടനിലെ മലയാളി സമൂഹത്തിന്, പ്രത്യേകിച്ച് കുട്ടികൾക്ക് പ്രപഞ്ച വിജ്ഞാനം പകർന്നുനൽകാൻ ഈ മൊബൈൽ പ്ലാനറ്റേറിയം അനുഭവം മികച്ച അവസരമാണ്. 360 ഡിഗ്രി ഡിജിറ്റൽ സ്ക്രീനിൽ വിഷ്വൽ റിയാലിറ്റി (VR) ഗ്ലാസുകളുടെ സഹായമില്ലാതെ തന്നെ പ്രപഞ്ചത്തിലൂടെ സഞ്ചരിക്കുന്ന അനുഭവം ഈ പ്ലാനറ്റേറിയം പ്രദാനം ചെയ്യുന്നു. ചക്രക്കസേരകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാക്കിയതിനാൽ എല്ലാവർക്കും ഈ പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.
പ്രദർശിപ്പിക്കുന്ന പ്രധാന ഷോകൾ ഇവയാണ്:
-
വൺ വേൾഡ്, വൺ സ്കൈ (One World, One Sky): സെസമി സ്ട്രീറ്റ് കഥാപാത്രങ്ങളായ ബിഗ് ബേർഡും എൽമോയും ചേർന്ന് നടത്തുന്ന ഈ പ്രദർശനം 0-8 വയസ്സുവരെയുള്ള കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയതാണ്.
-
മെസ്സഞ്ചേഴ്സ് ഓഫ് ടൈം ആൻഡ് സ്പേസ് (Messengers of Time and Space): തമോഗർത്തങ്ങളെയും (Black Holes) പ്രപഞ്ച സ്ഫോടനങ്ങളെയും കുറിച്ച് 8 വയസ്സിന് മുകളിലുള്ളവർക്കായി തയ്യാറാക്കിയ 40 മിനിറ്റ് ദൈർഘ്യമുള്ള പ്രദർശനം.
-
ദി ഗ്രേറ്റ് കോസ്മിക് ജേർണി 2026 (The Great Cosmic Journey 2026): സൂര്യമണ്ഡലത്തിനപ്പുറമുള്ള അത്ഭുതങ്ങളെ തത്സമയ അവതരണത്തിലൂടെ പരിചയപ്പെടുത്തുന്ന 50 മിനിറ്റ് ദൈർഘ്യമുള്ള ഫ്ലാഗ്ഷിപ്പ് ഷോ.
ഓൺലൈൻ ടിക്കറ്റ് വിൽപ്പന മെയ് 28 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് അവസാനിക്കും. ശേഷിക്കുന്ന ടിക്കറ്റുകൾ പ്രവേശന കവാടത്തിൽ ലഭ്യമാകും. കുട്ടികൾക്ക് മാത്രമായി ടിക്കറ്റുകൾ ലഭ്യമല്ലെന്നും 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കൊപ്പം മുതിർന്നവർ നിർബന്ധമായും ഉണ്ടായിരിക്കണമെന്നും സംഘാടകർ അറിയിച്ചു.
രജിസ്ട്രേഷനായി വെബ്സൈറ്റ് ദയവായി സന്ദർശിക്കുക https://www.astronomyinaction.com/tour-london-2026-summer






















