KFC founder Colonel Sanders house for sale Mississauga
മിസിസാഗ: ലോകപ്രശസ്ത ഫാസ്റ്റ് ഫുഡ് ശൃംഖലയായ കെഎഫ്സിയുടെ സ്ഥാപകൻ കേണൽ ഹാർലാൻഡ് സാൻഡേഴ്സ് താമസിച്ചിരുന്ന കാനഡയിലെ ചരിത്രപ്രസിദ്ധമായ വസതി വിപണിയിലേക്ക്. ഒന്റാറിയോയിലെ മിസിസാഗയിലുള്ള ലേക്ക് വ്യൂ പ്രദേശത്തെ ഈ ആഡംബര ബംഗ്ലാവ് 1,499,999 കനേഡിയൻ ഡോളറിനാണ് (ഏകദേശം 15 ലക്ഷം ഡോളർ) വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. 1337 മെൽട്ടൺ ഡ്രൈവിൽ, ഡിക്സി റോഡിനും ദി ക്വീൻസ്‌വേയ്ക്കും സമീപമാണ് ഈ വസതി സ്ഥിതി ചെയ്യുന്നത്.

കാനഡയിലെ കെഎഫ്സി ഫ്രാഞ്ചൈസികളുടെ മേൽനോട്ടത്തിനായി എത്തിയ കേണൽ സാൻഡേഴ്സും ഭാര്യ ക്ലോഡിയയും 1965-ലാണ് ഈ വസതി സ്വന്തമാക്കുന്നത്. തുടർന്ന് 1980-ൽ മരിക്കുന്നത് വരെ വർഷത്തിൽ ഭൂരിഭാഗം സമയവും അദ്ദേഹം ചെലവഴിച്ചിരുന്നത് ഈ മിസിസാഗ ബംഗ്ലാവിലായിരുന്നു. 2,000 ചതുരശ്ര അടിയിലധികം വിസ്തീർണ്ണമുള്ള ഈ നാല് നില വസതിയിൽ 4 കിടപ്പുമുറികളും 3 ബാത്ത്റൂമുകളും 2 അലക്കു മുറികളും അടങ്ങിയിരിക്കുന്നു.
കാലപ്പഴക്കമുണ്ടെങ്കിലും, 2014-ൽ നടത്തിയ വിപുലമായ നവീകരണ പ്രവർത്തനങ്ങളിലൂടെ വീടിനെ അത്യാധുനിക സൗകര്യങ്ങളിലേക്ക് മാറ്റിമറിച്ചിട്ടുണ്ട്. ഓപ്പൺ കൺസെപ്റ്റ് അടുക്കള, ഹീറ്റഡ് ഫ്ലോറിങ് സംവിധാനമുള്ള ബാത്ത്റൂം, രണ്ട് ഫയർപ്ലേസുകൾ, ബാക്കപ്പ് ജനറേറ്റർ എന്നിവയും ഇതിലുണ്ട്. കൂടാതെ മനോഹരമായ പൂന്തോട്ടം, സ്വകാര്യ ബാക്ക്യാർഡ് പാറ്റിയോ, വലിയ കുടുംബങ്ങൾക്ക് അനുയോജ്യമായ ഇൻ-ലാ സ്യൂട്ട് ക്രമീകരണങ്ങൾ എന്നിവയും ഈ വീടിന്റെ പ്രത്യേകതയാണ്. താല്പര്യമുള്ള സന്ദർശകർക്കായി ഈ ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 4 മണി വരെ ഇവിടെ പ്രത്യേക ‘ഓപ്പൺ ഹൗസ്’ ഉണ്ടായിരിക്കുമെന്ന് റിയൽ എസ്റ്റേറ്റ് ഏജൻസി അറിയിച്ചു.




















