India vs Afghanistan Mullanpur
ചണ്ഡീഗഢ് : അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തിൽ യുവ ഇടംകയ്യൻ സ്പിന്നർ മാനവ് സുതറിന്റെ തകർപ്പൻ ബൗളിങ് മികവിൽ ഇന്ത്യയ്ക്ക് സമ്പൂർണ്ണ ആധിപത്യം. മത്സരത്തിന്റെ മൂന്നാം ദിനം അഫ്ഗാനിസ്ഥാൻ ഒന്നാം ഇന്നിംഗ്സിൽ വെറും 152 റൺസിന് പുറത്തായി. ഇതോടെ 412 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്‌മൻ ഗിൽ അഫ്ഗാനെ ഫോളോ ഓൺ ചെയ്യിച്ചു. രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച അഫ്ഗാനിസ്ഥാൻ മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 18 റൺസ് എന്ന നിലയിലാണ്. 16 റൺസോടെ സെദിഖുള്ള അടലും 2 റൺസുമായി അബ്ദുൾ മാലിക്കും ക്രീസിലുണ്ട്.
നേരത്തെ ഒന്നാം ഇന്നിംഗ്സിൽ 113-5 എന്ന സ്കോറിൽ മൂന്നാം ദിനം കളി തുടങ്ങിയ അഫ്ഗാനിസ്ഥാന് ആദ്യ സെഷനിൽ തന്നെ വലിയ തകർച്ചയാണ് നേരിട്ടത്. സ്കോർ 118-ൽ എത്തിയപ്പോഴേക്കും അസ്മത്തുള്ള ഒമർസായിയെ അക്കൗണ്ട് തുറക്കും മുൻപ് പേസർ പ്രസിദ്ധ് കൃഷ്ണ പുറത്താക്കി. തുടർന്ന് ഷറഫുദ്ദീൻ അഷ്റഫിനെ (11) കൂട്ടുപിടിച്ച് റഹ്മത്ത് ഷാ ചെറുത്തുനിൽപ്പിന് ശ്രമിച്ചെങ്കിലും മാനവ് സുതർ ഈ കൂട്ടുകെട്ട് പൊളിച്ചു. ഷറഫുദ്ദീനെയും അർധസെഞ്ചുറി നേടിയ റഹ്മത്ത് ഷായെയും (60) പുറത്താക്കി സുതർ അഞ്ച് വിക്കറ്റ് നേട്ടം തികച്ചു. തൊട്ടുപിന്നാലെ മുഹമ്മദ് സലീം സഫിയെയും (0) താരം മടക്കി. വാലറ്റക്കാരനായ സിയാവുർ റഹ്മാൻ ഷരീഫിയെ (6) വാഷിംഗ്ടൺ സുന്ദർ പുറത്താക്കിയതോടെ അഫ്ഗാന്റെ ഒന്നാം ഇന്നിംഗ്സിന് തിരശ്ശീല വീണു.
MANAV SUTHAR HAS FOUR ON DEBUT! 🤯🔥
A sharp review from Team India confirms the edge as #ManavSuthar picks up his fourth wicket on Test debut, bringing an end to Ashraf's gritty resistance 👏🇮🇳#INDvAFG | Only Test ➡️ DAY 3 | LIVE NOW 👉 https://t.co/jzjg5vVQq5 pic.twitter.com/5Bk1M0cs11
— Star Sports (@StarSportsIndia) June 8, 2026
ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരത്തിൽ 22 ഓവറിൽ 10 മെയ്ഡനുകൾ ഉൾപ്പെടെ വെറും 33 റൺസ് മാത്രം വിട്ടുക്കൊടുത്താണ് മാനവ് സുതർ 6 വിക്കറ്റുകൾ വീഴ്ത്തിയത്. ടെസ്റ്റ് അരങ്ങേറ്റത്തിലെ ഒരു ഇന്നിംഗ്സിൽ മികച്ച പ്രകടനം നടത്തുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളർ എന്ന നേട്ടവും ഈ പ്രകടനത്തോടെ താരം സ്വന്തമാക്കി. ഇന്ത്യയ്ക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ 3 വിക്കറ്റും വാഷിംഗ്ടൺ സുന്ദർ ഒരു വിക്കറ്റും വീഴ്ത്തി. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 564/8 എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു.



















