Oman extreme heat wave warning
മസ്കറ്റ്: ഒമാനിൽ വരും ദിവസങ്ങളിൽ ചൂട് ക്രമാതീതമായി വർധിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (CAA) അടിയന്തര മുന്നറിയിപ്പ്. തിങ്കളാഴ്ച മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില കുത്തനെ ഉയർന്നേക്കുമെന്നും ചിലയിടങ്ങളിൽ ഇത് 50 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കാമെന്നും അധികൃതർ വ്യക്തമാക്കി. അന്തരീക്ഷത്തിന്റെ മുകൾഭാഗത്തുണ്ടാകുന്ന ഉയർന്ന വായുമർദ്ദവും വടക്ക്-പടിഞ്ഞാറ് ദിശയിൽ നിന്ന് വീശുന്ന വരണ്ട കാറ്റുമാണ് ചൂട് ഇത്രയധികം വർധിക്കാൻ കാരണം.
നാഷണൽ മൾട്ടി-ഹസാർഡ് ഏർലി വാണിംഗ് സെന്റർ പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശം അനുസരിച്ച് ഒമാൻ കടലിനോട് ചേർന്നുള്ള തീരപ്രദേശങ്ങളിലും ഉൾനാടൻ മേഖലകളിലും വരും ദിവസങ്ങളിൽ കഠിനമായ ചൂട് അനുഭവപ്പെടും. ഇവിടങ്ങളിൽ താപനില 40 ഡിഗ്രിക്ക് മുകളിലും മരുഭൂമിയോട് ചേർന്ന പ്രദേശങ്ങളിൽ 50 ഡിഗ്രി വരെയുമായിരിക്കും. രാജ്യത്തെ മറ്റ് ഗവർണറേറ്റുകളിലും ചൂട് കഠിനമായിരിക്കുമെങ്കിലും അൽ വുസ്ത, ദോഫാർ എന്നീ തീരദേശ മേഖലകളിൽ ഒമാന്റെ വടക്കൻ-ഉൾനാടൻ പ്രദേശങ്ങളെ അപേക്ഷിച്ച് താരതമ്യേന ഭേദപ്പെട്ട കാലാവസ്ഥയായിരിക്കും.
തീവ്രമായ ചൂട് കണക്കിലെടുത്ത് സ്വദേശികളും പ്രവാസികളും പ്രത്യേകിച്ച് പുറംജോലികളിൽ ഏർപ്പെടുന്നവരും കടുത്ത ജാഗ്രത പാലിക്കണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. നിർജ്ജലീകരണം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ കൊള്ളുന്നത് പൂർണ്ണമായി ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. കഠിനമായ ഔട്ട്ഡോർ ജോലികൾ ചൂട് കൂടിയ സമയങ്ങളിൽ നിന്ന് മാറ്റി മറ്റ് സമയങ്ങളിലേക്ക് ക്രമീകരിക്കാനും തൊഴിലാളികൾക്ക് തണലുള്ള വിശ്രമകേന്ദ്രങ്ങളും കുടിവെള്ളവും ഉറപ്പാക്കാനും തൊഴിലുടമകൾക്ക് അതോറിറ്റി നിർദ്ദേശം നൽകി.



















