Town of St Marys Ontario bring your own booze policy
ടൊറന്റോ: ഒന്റാറിയോ പ്രവിശ്യയിൽ വരാനിരിക്കുന്ന വേനൽക്കാല ഉത്സവങ്ങളിലും പൊതുപരിപാടികളിലും വിനോദസഞ്ചാരികൾക്ക് സ്വന്തമായി മദ്യം കൈയിൽ കരുതാൻ (BYOB – Bring Your Own Booze) സർക്കാർ അനുമതി നൽകിയെങ്കിലും ഈ പദ്ധതി നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കി സെന്റ് മേരീസ് ടൗൺ അധികൃതർ. വരാനിരിക്കുന്ന തിരക്കേറിയ സമ്മർ ഫെസ്റ്റിവലുകൾക്ക് മുന്നോടിയായാണ്, തങ്ങളുടെ പരിധിയിൽ ഈ ആനുകൂല്യം അനുവദിക്കില്ലെന്ന് സെന്റ് മേരീസ് നഗരസഭ ജനങ്ങളെ ഓർമ്മിപ്പിച്ചത്.
ഔട്ട്ഡോർ ഫാർമേഴ്‌സ് മാർക്കറ്റുകൾ, കമ്മ്യൂണിറ്റി ഉത്സവങ്ങൾ, ഓപ്പൺ തിയേറ്റർ മൂവി സ്ക്രീനിംഗുകൾ, ആർട്ട് എക്സിബിഷനുകൾ തുടങ്ങിയ പൊതുപരിപാടികളിലേക്ക് ആളുകൾക്ക് സ്വന്തമായി ബിയർ, വൈൻ, മറ്റ് മദ്യങ്ങൾ എന്നിവ കൊണ്ടുവരാൻ അനുമതി നൽകിക്കൊണ്ട് ഒന്റാറിയോ സർക്കാർ കഴിഞ്ഞ ഏപ്രിലിലാണ് നിയമം പരിഷ്കരിച്ചത്. എന്നാൽ, ഈ പുതിയ ഇളവുകൾ തങ്ങളുടെ പ്രദേശത്ത് നടപ്പിലാക്കേണ്ടതില്ലെന്നാണ് സെന്റ് മേരീസ് കൗൺസിൽ തീരുമാനിച്ചത്.
ഓരോ നഗരസഭയ്ക്കും അവരുടെ തനതായ പൊതുഇടങ്ങൾക്കും പരിപാടികൾക്കും ഏറ്റവും അനുയോജ്യമായത് എന്തെന്ന് തീരുമാനിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്ന് ടൗൺ അധികൃതർ പ്രസ്താവനയിലൂടെ വ്യക്തമാക്കി. സെന്റ് മേരീസിലെ പൊതുപരിപാടികൾ എല്ലാവർക്കും സുരക്ഷിതവും ആസ്വാദ്യകരവുമായി നിലനിർത്താൻ നിലവിലുള്ള കർശന നിയന്ത്രണങ്ങൾ തുടരുന്നതാണ് നല്ലതെന്നാണ് അധികൃതരുടെ വിലയിരുത്തൽ. എങ്കിലും, മുൻകൂട്ടി കൃത്യമായ അനുമതി വാങ്ങുന്ന പരിപാടികളിൽ ടൗണിന്റെ നിലവിലുള്ള ‘മുനിസിപ്പൽ ആൽക്കഹോൾ പോളിസി’ പ്രകാരം മദ്യവിൽപ്പന നടത്താൻ യാതൊരു തടസ്സവുമുണ്ടാകില്ലെന്നും നഗരസഭ അറിയിച്ചു.




















