വിന്സർ : ഒന്റാരിയോയിലെ ലാസാലിൽ അടുത്തിടെ പ്രവർത്തനം അവസാനിപ്പിച്ച ചരിത്രപ്രസിദ്ധമായ സെന്റ് പോൾസ് റോമൻ കാത്തലിക് പള്ളിയും അനുബന്ധ ഭൂമിയും വിൽപ്പനയ്ക്ക്. മാൽഡൻ റോഡിന്റെയും സ്പ്രൂസ്‌വുഡ് അവന്യൂവിന്റെയും കോണിൽ സ്ഥിതി ചെയ്യുന്ന ഈ ഇൻസ്റ്റിറ്റ്യൂഷണൽ പ്രോപ്പർട്ടി 1.1 മില്യൺ (11 ലക്ഷം) കനേഡിയൻ ഡോളറിനാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. ദശാബ്ദങ്ങളായി പ്രാദേശിക സമൂഹത്തിന്റെ ആത്മീയ കേന്ദ്രമായിരുന്ന ഈ നിർമ്മിതി വാങ്ങാൻ താൽപ്പര്യമുള്ളവരിൽ നിന്ന് പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ സിബിആർഇ (CBRE) വഴിയാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്.
ഏകദേശം 0.61 ഏക്കർ ഭൂമിയിൽ പരന്നുകിടക്കുന്ന ഈ പ്രോപ്പർട്ടിയിൽ ആകെ 13,123 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിട സമുച്ചയമാണുള്ളത്. പ്രധാന പ്രാർത്ഥനാ ഹാളിന് പുറമെ 1,396 ചതുരശ്ര അടിയുള്ള ഒരു ആദ്മിയ മന്ദിരവും (residence), 2019-ൽ നിർമ്മിച്ച ആധുനിക രീതിയിലുള്ള പ്രവേശന കവാടവും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ 4,505 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പള്ളിമുറിയും 6,559 ചതുരശ്ര അടിയുള്ള വിശാലമായ ബേസ്‌മെന്റും ഈ റിയൽ എസ്റ്റേറ്റ് ലിസ്റ്റിംഗിന്റെ പ്രധാന ആകർഷണങ്ങളാണ്.
ലണ്ടൻ രൂപതയുടെ (Diocese of London) കീഴിലായിരുന്ന ഈ പള്ളി, കോവിഡിന് ശേഷമുണ്ടായ വൻ ജനപങ്കാളിത്തക്കുറവും അറ്റകുറ്റപ്പണികൾക്കായുള്ള ഭാരിച്ച ചിലവും കാരണമാണ് അടച്ചുപൂട്ടാൻ തീരുമാനിച്ചതെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ഏതാണ്ട് 73 വർഷത്തോളം സജീവമായിരുന്ന പള്ളിയിൽ കഴിഞ്ഞ മാർച്ച് 21-നാണ് അവസാനത്തെ വിശുദ്ധ കുർബാന നടന്നത്. പള്ളിയുടെ മേൽക്കൂര മാറ്റുന്നതിനും മറ്റ് നവീകരണ പ്രവർത്തനങ്ങൾക്കുമായി വലിയൊരു തുക ആവശ്യമായി വന്നതും പെട്ടെന്നുള്ള ഈ തീരുമാനത്തിലേക്ക് നയിച്ചു.
വാണിജ്യപരമായും അക്കാദമികമായും വളരെയേറെ പ്രാധാന്യമുള്ള മാൽഡൻ കോറിഡോറിൽ സ്ഥിതി ചെയ്യുന്നതിനാൽ ഈ പ്രോപ്പർട്ടിക്ക് വലിയ വിപണി സാധ്യതയാണ് കൽപ്പിക്കപ്പെടുന്നത്. . നിലവിലെ സോണിംഗ് നിയമങ്ങൾ അനുസരിച്ച് മതപരമായ ആവശ്യങ്ങൾക്കോ മറ്റ് കമ്മ്യൂണിറ്റി കേന്ദ്രങ്ങൾക്കോ വേണ്ടി ഈ സ്ഥലം ഉപയോഗിക്കാവുന്നതാണ്.






















