American healthcare system cost scam
വാഷിംഗ്ടൺ: അമേരിക്കയിലെ അമിതമായ മരുന്ന് വിലയെയും അവിടുത്തെ കോർപ്പറേറ്റ് ആരോഗ്യ ഇൻഷുറൻസ് സംവിധാനങ്ങളെയും രൂക്ഷമായി വിമർശിച്ച് യുഎസ് സ്വദേശിനിയായ യുവതി രംഗത്ത്. അമേരിക്കയിൽ വാങ്ങിയാൽ 1,000 യുഎസ് ഡോളർ വിലവരുന്ന അത്യാവശ്യ മരുന്ന്, ഇന്ത്യയിൽ നിന്നും വെറും 25 ഡോളറിന് തനിക്ക് വാങ്ങാൻ കഴിഞ്ഞെന്നാണ് വിക്ടോറിയ എന്ന യുവതി വെളിപ്പെടുത്തിയത്. ഇൻസ്റ്റാഗ്രാമിൽ ഇവർ പങ്കുവെച്ച വിഡിയോ ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
View this post on Instagram
യുഎസിൽ വെച്ച് ഡോക്ടർ എഴുതിത്തന്ന പ്രിസ്‌ക്രിപ്ഷനിലെ മരുന്നിന്റെ ഭീമമായ ചിലവ് വഹിക്കാൻ ഇൻഷുറൻസ് കമ്പനി തയ്യാറാകാതിരുന്നതോടെയാണ് വിക്ടോറിയ വലിയ പ്രതിസന്ധിയിലായത്. ആകെ ആറ് ഗുളികകൾ മാത്രമുള്ള ഈ കോഴ്സിന് കൈയിൽ നിന്നും വൻ തുക നൽകേണ്ടി വരുമെന്ന് ഉറപ്പായതോടെ, ഡോക്ടർ തന്നെ വിക്ടോറിയയോട് കാനഡ ആസ്ഥാനമായുള്ള ഒരു ഇന്റർനാഷണൽ ഫാർമസിയെ സമീപിക്കാൻ രഹസ്യമായി നിർദ്ദേശിക്കുകയായിരുന്നു. ഈ കനേഡിയൻ ഫാർമസി ഇതേ മരുന്ന് നേരിട്ട് ഇന്ത്യൻ ജനറിക് മരുന്ന് നിർമ്മാതാക്കളിൽ നിന്നും ഓർഡർ ചെയ്ത് വിക്ടോറിയയുടെ യുഎസിലെ വിലാസത്തിലേക്ക് എത്തിച്ചു നൽകി.
കനേഡിയൻ ഫാർമസി വഴി ഓർഡർ ചെയ്തപ്പോൾ വലിയ തുകയാകുമെന്നാണ് വിക്ടോറിയ കരുതിയത്. എന്നാൽ യഥാർത്ഥ വില കേട്ട് അവർ അത്ഭുതപ്പെട്ടു. ആകെ 25 ഡോളർ മാത്രമാണ് അവർക്ക് ഇതിനായി ചിലവായത്. മരുന്നിന്റെ യഥാർത്ഥ വില വെറും 10 ഡോളറും, ഇന്ത്യയിൽ നിന്നും നേരിട്ട് കൈകളിൽ എത്തിക്കുന്നതിനുള്ള അന്താരാഷ്ട്ര ഷിപ്പിംഗ് ചാർജ് 15 ഡോളറും മാത്രമായിരുന്നു. ഇതേ മരുന്നിനാണ് അമേരിക്കയിലെ ലോക്കൽ ഫാർമസികൾ തന്നിൽ നിന്നും 1,000 ഡോളർ ഈടാക്കാൻ ശ്രമിച്ചതെന്ന് വിക്ടോറിയ വിഡിയോയിൽ ചൂണ്ടിക്കാണിക്കുന്നു.
അമേരിക്കയിലെ സാധാരണക്കാരായ ജനങ്ങൾ അവിടുത്തെ ആരോഗ്യ സംവിധാനങ്ങളാൽ ക്രൂരമായി വഞ്ചിക്കപ്പെടുകയാണെന്ന് വിക്ടോറിയ ആരോപിച്ചു. ഇത്രയും വലിയ തുക ഈടാക്കുമ്പോൾ ബാക്കി പണം ആരുടെ പോക്കറ്റിലേക്കാണ് പോകുന്നതെന്നും അവർ ചോദിക്കുന്നു. വിഡിയോ വൈറലായതോടെ അമേരിക്കൻ ആരോഗ്യരംഗത്തെ കടുത്ത ചൂഷണങ്ങളെ വിമർശിച്ചും, ഇന്ത്യയിലെ കുറഞ്ഞ നിരക്കിലുള്ള ലോകോത്തര നിലവാരമുള്ള ജനറിക് മരുന്നുകളെ പ്രകീർത്തിച്ചും നിരവധി വിദേശികളാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. അമേരിക്കയിലേക്ക് ആവശ്യമായ ജനറിക് മരുന്നുകളുടെ 40 ശതമാനവും വിതരണം ചെയ്യുന്നത് ഇന്ത്യയാണെന്നിരിക്കെ, പ്രാദേശിക മാർക്കറ്റിലെ ഈ വൻ വില വ്യത്യാസം യുഎസിലെ മെഡിക്കൽ മാഫിയയുടെ ലാഭക്കൊതിയാണ് വ്യക്തമാക്കുന്നതെന്നാണ് ആഗോളതലത്തിൽ ഉയരുന്ന വിമർശനം.
US healthcare pricing




















