കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കുൽതലിയിലുണ്ടായ ദാരുണമായ ആൾക്കൂട്ട കൊലപാതകത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ക്രൂരമായ മർദ്ദനത്തിന് ഇരയായി മരിച്ചത് മംഗളൂരു സ്വദേശിയായ സന്ദീപ് നായിക് (30) ആണെന്ന് ബംഗാൾ പോലീസ് വ്യക്തമാക്കി. സംഭവത്തിന്റെ പ്രാരംഭ ഘട്ടത്തിൽ കൊല്ലപ്പെട്ടത് ‘സന്ദീപ് നായർ’ എന്ന വ്യക്തിയാണെന്ന രീതിയിലായിരുന്നു വിവരങ്ങൾ പുറത്തുവന്നത്. പേരിന്റെ സാദൃശ്യം കാരണം ഇയാൾ കേരളത്തിൽ നിന്നുള്ളയാളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ തെറ്റിദ്ധരിക്കുകയായിരുന്നു. എന്നാൽ പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് മംഗളൂരു സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞത്.
READ NEWS:പശ്ചിമ ബംഗാളിൽ മലയാളി യുവാവിനെ കള്ളനെന്ന് ആരോപിച്ച് തല്ലിക്കൊന്നു
രണ്ടാഴ്ച മുൻപാണ് ഒരു സുഹൃത്തിനൊപ്പം സന്ദീപ് ബംഗാളിലെ കുൽതലിയിൽ എത്തിയത്. കഴിഞ്ഞ ജൂൺ 9-ന് രാവിലെ ഇയാൾ താമസസ്ഥലത്തുനിന്നും സമീപത്തെ വിപണിയിലേക്ക് തനിച്ച് പോയിരുന്നു. എന്നാൽ തിരികെ നടക്കുമ്പോൾ വഴിതെറ്റി അപരിചിതമായ മറ്റൊരു ഗ്രാമപ്രദേശത്താണ് ഇയാൾ എത്തിയത്. ഒരു അപരിചിതൻ പ്രദേശത്ത് അലക്ഷ്യമായി നടക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ സന്ദീപിനെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും ഐഡന്റിറ്റി ചോദിക്കുകയുമായിരുന്നു. എന്നാൽ കന്നഡയും ഇംഗ്ലീഷും മാത്രം അറിയാവുന്ന സന്ദീപിന് പ്രാദേശിക ഭാഷയായ ബംഗാളി അറിയാത്തതിനാൽ ഗ്രാമീണരുമായി കൃത്യമായി ആശയവിനിമയം നടത്താൻ സാധിച്ചില്ല.
ഇതോടെ ഇയാൾ കള്ളനാണെന്ന് ഉറപ്പിച്ച ഒരു കൂട്ടം ഗ്രാമീണർ സന്ദീപിനെ കയറുകൊണ്ട് കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പ്രദേശത്തെ ഒരു ഗർഭിണിയായ സ്ത്രീയോട് ഇയാൾ മോശമായി പെരുമാറിയെന്ന ആരോപണവും അക്രമത്തിന് കാരണമായതായി നാട്ടുകാർ അവകാശപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്ന് പോലീസ് പറഞ്ഞു. റോഡരികിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ ഒരാൾ കിടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് കുൽതലി പോലീസ് സ്ഥലത്തെത്തി ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആദ്യഘട്ടത്തിൽ സാധാരണ മരണമെന്ന രീതിയിലാണ് കേസ് മുന്നോട്ടുപോയത്. എന്നാൽ ദിവസങ്ങൾക്ക് ശേഷം സന്ദീപിനെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് ആൾക്കൂട്ട ആക്രമണമാണെന്ന് പോലീസ് സ്ഥിരീകരിച്ചതും അന്വേഷണം ഊർജ്ജിതമാക്കിയതും. നിലവിൽ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രായപൂർത്തിയാവാത്തവർ ഉൾപ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സന്ദീപിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തുക്കളെ കണ്ടെത്താനുമുള്ള ശ്രമങ്ങൾ ബംഗാൾ പോലീസ് തുടരുകയാണ്.
Sandeep Naik Mangaluru resident killed in Bengal




















