Porter Airlines new flights
ടൊറന്റോ: യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കി പോർട്ടർ എയർലൈൻസ് (Porter Airlines) ടൊറന്റോയിൽ നിന്ന് രണ്ട് പ്രമുഖ നഗരങ്ങളിലേക്ക് പുതിയ സർവീസുകൾ ആരംഭിച്ചു. നഷ്‌വിൽ (Nashville), ക്യുബെക് സിറ്റി (Québec City) എന്നിവിടങ്ങളിലേക്കാണ് പോർട്ടർ വിമാനങ്ങൾ പറന്നുതുടങ്ങിയത്. ടൊറന്റോ നഗരഹൃദയത്തിലെ ബില്ലി ബിഷപ്പ് വിമാനത്താവളം (Billy Bishop Toronto City Airport), ടൊറന്റോ പിയേഴ്സൺ രാജ്യാന്തര വിമാനത്താവളം (Toronto Pearson International Airport) എന്നിവ കേന്ദ്രീകരിച്ചാണ് ഈ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
പോർട്ടർ എയർലൈൻസ് പുതിയ സർവീസുകൾ;

നഷ്‌വില്ലിലേക്ക് നേരിട്ടുള്ള യാത്ര:
സംഗീതത്തിന്റെ നഗരമെന്നറിയപ്പെടുന്ന അമേരിക്കയിലെ നഷ്‌വില്ലിലേക്ക് ബില്ലി ബിഷപ്പ് വിമാനത്താവളത്തിൽ നിന്നുള്ള സർവീസ് തിങ്കളാഴ്ച (മെയ് 11) ആരംഭിച്ചു. ബില്ലി ബിഷപ്പ് വിമാനത്താവളത്തിൽ അടുത്തിടെ പ്രവർത്തനമാരംഭിച്ച ‘യുഎസ് കസ്റ്റംസ് പ്രീ-ക്ലിയറൻസ്’ (U.S. Customs preclearance) സൗകര്യം യാത്രക്കാർക്ക് വലിയ ആശ്വാസമാകുമെന്ന് പോർട്ടർ എയർലൈൻസ് വ്യക്തമാക്കി. ഇതിലൂടെ അമേരിക്കയിൽ എത്തിയ ശേഷം കസ്റ്റംസ് പരിശോധനകൾക്കായി കാത്തുനിൽക്കാതെ യാത്രക്കാർക്ക് വിമാനത്താവളത്തിന് പുറത്തേക്ക് ഇറങ്ങാൻ സാധിക്കും.
ക്യുബെക് സിറ്റി സർവീസ് പുനരാരംഭിച്ചു:
ടൊറന്റോ പിയേഴ്സൺ വിമാനത്താവളത്തിൽ നിന്ന് ക്യുബെക് സിറ്റിയിലേക്കുള്ള സർവീസുകൾ ചൊവ്വാഴ്ച (മെയ് 12) മുതൽ പുനരാരംഭിച്ചു. ആഴ്ചയിൽ 12 റൗണ്ട് ട്രിപ്പുകളാണ് ഈ റൂട്ടിൽ ലഭ്യമാവുക. നിലവിൽ ബില്ലി ബിഷപ്പ് വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾക്ക് പുറമെയാണിത്. ക്യുബെക് സിറ്റി വഴി ലിസ്ബൺ, റോം, വെനീസ്, പാരിസ്, ആംസ്റ്റർഡാം തുടങ്ങിയ യൂറോപ്യൻ നഗരങ്ങളിലേക്ക് എയർ ട്രാൻസാറ്റ് (Air Transat) വഴി കണക്ഷൻ ഫ്ലൈറ്റുകൾ ലഭിക്കുമെന്നത് വിദേശയാത്രക്കാർക്കും ഗുണകരമാകും.
ടൊറന്റോയിലെ രണ്ട് വിമാനത്താവളങ്ങളെയും കൂട്ടിയിണക്കിക്കൊണ്ട് കൂടുതൽ യാത്രാ ഓപ്ഷനുകൾ നൽകുകയാണ് പോർട്ടർ ലക്ഷ്യമിടുന്നതെന്ന് എയർലൈൻസ് വൈസ് പ്രസിഡന്റ് ആൻഡ്രൂ പിയേഴ്സ് പറഞ്ഞു. പിയേഴ്സൺ വിമാനത്താവളം വഴി വാൻകൂവർ, കാൽഗറി, എഡ്മന്റൺ, വിന്നിപെഗ്, കെലോണ തുടങ്ങിയ പടിഞ്ഞാറൻ കാനഡയിലെ നഗരങ്ങളിലേക്കും യാത്രക്കാർക്ക് എളുപ്പത്തിൽ കണക്ഷൻ ലഭിക്കും. ഈ വേനൽക്കാലത്ത് കൂടുതൽ വിനോദസഞ്ചാരികളെയും ബിസിനസ്സ് യാത്രക്കാരെയും ലക്ഷ്യമിട്ടാണ് പോർട്ടറിന്റെ ഈ വിപുലീകരണം.
























