Porter Airlines new flights to Turks and Caicos from Toronto
ടൊറന്റോ: വിന്റർ യാത്രാ സീസൺ മുന്നിൽക്കണ്ട് ഒന്റാറിയോയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കൂടുതൽ പുതിയ സർവീസുകൾ പ്രഖ്യാപിച്ച് കനേഡിയൻ വിമാനക്കമ്പനിയായ പോർട്ടർ എയർലൈൻസ്. കരീബിയൻ ദ്വീപ് സമൂഹമായ ടർക്സ് ആൻഡ് കൈകോസിലെ പ്രൊവിഡൻഷ്യൽസ് (Providenciales – PLS), ഫ്ലോറിഡയിലെ ടാമ്പ എന്നിവടങ്ങളിലേക്കാണ് പോർട്ടർ പുതിയ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നത്.
Porter Airlines new flights to Turks and Caicos from Toronto: Schedule
ടൊറന്റോ പിയേഴ്സൺ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ടർക്സ് ആൻഡ് കൈകോസിലേക്ക് നവംബർ 6 മുതൽ ആഴ്ചയിൽ അഞ്ച് സർവീസുകൾ (ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി, ശനി) പോർട്ടർ ആരംഭിക്കും. ഒട്ടാവ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നുള്ള സർവീസുകൾ ഡിസംബർ 17 മുതൽ ആഴ്ചയിൽ രണ്ട് തവണ വീതം (വ്യാഴം, ഞായർ) ലഭ്യമാകും. പോർട്ടർ എയർലൈൻസിന്റെ ശീതകാല ശൃംഖലയിലേക്ക് പുതുതായി ചേർക്കപ്പെടുന്ന അഞ്ചാമത്തെ സൺ ഡെസ്റ്റിനേഷനാണ് ടർക്സ് ആൻഡ് കൈകോസ്. അടുത്തിടെ പ്രഖ്യാപിച്ച അരൂബ, സാൻ ഹോസെ (കോസ്റ്റാറിക്ക), മോണ്ടിഗോ ബേ, ലോസ് കാബോസ് എന്നിവയാണ് മറ്റ് പുതിയ റൂട്ടുകൾ. കാൻകൂൺ, നാസോ, ഗ്രാൻഡ് കേമാൻ തുടങ്ങിയവയിലേക്കുള്ള നിലവിലെ വിന്റർ സർവീസുകൾക്ക് പുറമെയാണിത്.
അതേസമയം, ഹാമിൽട്ടൺ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ഫ്ലോറിഡയിലെ ടാമ്പയിലേക്ക് ഡിസംബർ 18 മുതൽ പോർട്ടർ പുതിയ റൂട്ട് അവതരിപ്പിക്കും. ഹാമിൽട്ടണിൽ നിന്നും ടാമ്പയിലേക്ക് ആഴ്ചയിൽ നാല് സർവീസുകൾ (ചൊവ്വ, ബുധൻ, വെള്ളി, ശനി) ഉണ്ടായിരിക്കും. ഒർലാൻഡോ, ഫോർട്ട് ലോഡർഡെയ്ൽ എന്നിവയ്ക്ക് ശേഷം ഹാമിൽട്ടണിൽ നിന്നും പോർട്ടർ സർവീസ് നടത്തുന്ന ഫ്ലോറിഡയിലെ മൂന്നാമത്തെ നഗരമായി ഇതോടെ ടാമ്പ മാറും. നടുവിലിരിപ്പിടങ്ങൾ ഇല്ലാത്ത, അത്യാധുനിക 132 സീറ്റുകളുള്ള എംബ്രായർ വിമാനങ്ങളാണ് ഈ റൂട്ടുകളിൽ സർവീസിന് ഉപയോഗിക്കുക. യാത്രക്കാർക്ക് സൗജന്യ ഹൈ-സ്പീഡ് വൈഫൈയും മികച്ച ഹോസ്പിറ്റാലിറ്റിയും പോർട്ടർ വാഗ്ദാനം ചെയ്യുന്നുണ്ട്. പുതിയ സർവീസുകൾ ഒന്റാറിയോയിലുള്ള മലയാളി പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും തങ്ങളുടെ വിന്റർ അവധിക്കാല യാത്രകൾ കൂടുതൽ എളുപ്പമാക്കാൻ സഹായിക്കും.






















