Donald Trump accuses Iran of attacking Indian ships
ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ വെച്ച് ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോപണം പൂർണ്ണമായും തള്ളി ഇന്ത്യയിലെ ഇറാൻ എംബസി. ഇന്ത്യൻ നാവികർ ഉണ്ടായിരുന്ന വാണിജ്യ കപ്പലുകൾക്ക് നേരെ കഴിഞ്ഞ ദിവസങ്ങളിൽ യുഎസ് നാവികസേന നടത്തിയ മാരകമായ ആക്രമണങ്ങളിൽ നിന്നും പൊതുജനശ്രദ്ധ തിരിക്കാനാണ് ട്രംപ് ഇത്തരം അടിസ്ഥാനരഹിതമായ വാദങ്ങൾ ഉന്നയിക്കുന്നതെന്ന് ഇറാൻ കുറ്റപ്പെടുത്തി.
ഇറാൻ ഇന്ത്യൻ കപ്പലുകൾ ലക്ഷ്യമിട്ടെന്നും ഇത് ഒരുകാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നുമായിരുന്നു ട്രംപ് തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി ആരോപിച്ചത്. ഇതിന് മറുപടിയായാണ് ദില്ലിയിലെ ഇറാൻ എംബസി എക്സിൽ (X) കടുത്ത ഭാഷയിൽ പോസ്റ്റ് പങ്കുവെച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യൻ ജീവനക്കാരുള്ള 3 വാണിജ്യ കപ്പലുകളെ ആക്രമിക്കുകയും 3 നിരപരാധികളായ ഇന്ത്യൻ നാവികരെ വധിക്കുകയും ചെയ്ത അമേരിക്കയുടെ ക്രൂരത മറച്ചുവെക്കാനുള്ള ട്രംപിന്റെ ഈ നീക്കം തികച്ചും പരിതാപകരമാണെന്ന് ഇറാൻ പരിഹസിച്ചു.
അതേസമയം, അന്താരാഷ്ട്ര ജലാശയത്തിൽ യുഎസ് നടത്തിയ മിസൈൽ ആക്രമണത്തിൽ 3 ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. വാണിജ്യ കപ്പലുകൾക്ക് നേരെ മാരകമായ സൈനിക ബലം ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ നേരിട്ട് വിളിച്ച് ഇന്ത്യയുടെ കടുത്ത പ്രതിഷേധം അറിയിച്ചു. ദില്ലിയിലെ യുഎസ് എംബസി ചാർജ് ഡി അഫയേഴ്സ് ജേസൺ മീക്സിനെ വിദേശകാര്യ മന്ത്രാലയം നേരിട്ട് വിളിച്ചുവരുത്തി രണ്ട് തവണയാണ് ഔദ്യോഗിക ഡെമാർഷെ നൽകിയത്.
ഗൾഫ് ഓഫ് ഒമാനിൽ വെച്ച് പലാവു പതാകയേന്തിയ ‘എംടി സെറ്റബെല്ലോ’ (M/T Settebello) എന്ന എണ്ണക്കപ്പലിന് നേരെ അമേരിക്കൻ നാവികസേന നടത്തിയ മിസൈൽ ആക്രമണത്തിലാണ് കപ്പൽ ജീവനക്കാരായ ആദിത്യ ശർമ്മ, ശിവാനന്ദ് ചൗരസ്യ, പട്നാല സുരേഷ് എന്നീ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യക്കാരിൽ 21 പേരെ ഒമാൻ അധികൃതരുടെ സഹായത്തോടെ രക്ഷപ്പെടുത്തി. ഇതിന് പിന്നാലെ ജൂൺ 8-ന് ‘മാരിവെക്സ്’ എന്ന കപ്പലും, തൊട്ടടുത്ത ദിവസം 20 ഇന്ത്യൻ ജീവനക്കാരുണ്ടായിരുന്ന ഗിനിയ-ബിസാവു പതാകയേന്തിയ ‘ജൽവീർ’ എന്ന കപ്പലിന് നേരെയും യുഎസ് രണ്ട് ഹെൽഫയർ മിസൈലുകൾ ഉപയോഗിച്ച് എഞ്ചിൻ റൂം തകർത്ത് ആക്രമണം നടത്തിയിരുന്നു.
ഇറാൻ ഇന്ത്യൻ കപ്പൽ ആക്രമണം





















