MBBS student Sejal Pawar KEM Hospital Mumbai inquiry
മുംബൈ: സ്റ്റാൻഡ് അപ്പ് കോമഡി ഷോയ്ക്കിടെ മെഡിക്കൽ പഠനത്തിനായി വിട്ടുനൽകുന്ന പുരുഷന്മാരുടെ മൃതദേഹങ്ങളെ അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ച വനിതാ മെഡിക്കൽ വിദ്യാർത്ഥിനിക്കെതിരെ മുംബൈയിലെ പ്രശസ്തമായ കെ.ഇ.എം ആശുപത്രി അധികൃതർ അടിയന്തര അന്വേഷണം പ്രഖ്യാപിച്ചു. പ്രശസ്ത കോമഡിയൻ പ്രണീത് മോറെയുടെ സ്റ്റാൻഡ് അപ്പ് കോമഡി ഷോയിലെ ഓഡിയൻസ് ഇന്ററാക്ഷൻ സെഗ്‌മെന്റിൽ പങ്കെടുത്ത കെഇഎം ആശുപത്രിയിലെ ഫൈനൽ ഇയർ എംബിബിഎസ് വിദ്യാർത്ഥിനി സെജൽ പവാർ നടത്തിയ അശ്ലീല പരാമർശങ്ങളുടെ വിഡിയോ സോഷ്യൽ മീഡിയയിൽ കനത്ത പ്രതിഷേധത്തിന് വഴിതെളിച്ചതോടെയാണ് നടപടി.
മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനത്തിനായി വിട്ടുനൽകുന്ന മൃതദേഹങ്ങളുടെ ലൈംഗികാവയവങ്ങളുടെ വലിപ്പത്തെക്കുറിച്ച് താനും കൂട്ടുകാരും ചേർന്ന് ലാബിൽ വെച്ച് തമാശകൾ പറയാറുണ്ടെന്നായിരുന്നു സെജൽ പവാർ വിഡിയോയിൽ ചിരിച്ചുകൊണ്ട് വ്യക്തമാക്കിയത്. വൈദ്യശാസ്ത്ര പഠനത്തിനായി സ്വന്തം ശരീരം വിട്ടുനൽകുന്ന വ്യക്തികളെയും അവരുടെ കുടുംബങ്ങളുടെ വൈകാരികമായ പ്രതിബദ്ധതയെയും ക്രൂരമായി അവഹേളിക്കുന്നതാണ് ഈ പരാമർശമെന്ന് ചൂണ്ടിക്കാട്ടി ഓൾ ഇന്ത്യ മെഡിക്കൽ സ്റ്റുഡന്റ്സ് അസോസിയേഷൻ, സീനിയർ ഡോക്ടർമാർ എന്നിവർ രംഗത്തെത്തി. നാഷണൽ മെഡിക്കൽ കമ്മീഷന്റെ സോഷ്യൽ മീഡിയ മാർഗ്ഗനിർദ്ദേശങ്ങൾ മുൻനിർത്തി രൂപീകരിച്ച രണ്ടംഗ പ്രത്യേക സമിതിയാണ് നിലവിൽ ഈ വിഷയം അന്വേഷിക്കുന്നത്.
കെഇഎം ഹോസ്പിറ്റൽ ബയോകെമിസ്ട്രി വിഭാഗം മേധാവി ഡോ. അനിത ചാലക്, മെഡിസിൻ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശ്രദ്ധ മോറെ എന്നിവരടങ്ങുന്ന സമിതി ഒരു മണിക്കൂർ നീളുന്ന കോമഡി ഷോ പൂർണ്ണമായി വിശകലനം ചെയ്ത് റിപ്പോർട്ട് സമർപ്പിക്കും. ഇതിന് ശേഷം തുടർനടപടികൾ എന്തൊക്കെ വേണമെന്ന് ആശുപത്രി ഡീൻ ഡോ. ഹരീഷ് പഥക് തീരുമാനിക്കും. മൃതദേഹങ്ങളെ ഏറ്റവും ബഹുമാനത്തോടെ കാണണമെന്നും ഇത്തരം പ്രവണതകൾ വച്ചുപൊറുപ്പിക്കില്ലെന്നും ഡീൻ വ്യക്തമാക്കി. അതേസമയം, സംഭവത്തിൽ മഹാരാഷ്ട്ര സൈബർ പോലീസ് പ്രണീത് മോറെ, സെജൽ പവാർ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനിടെ സെജൽ പവാർ സോഷ്യൽ മീഡിയ വഴിയും ആശുപത്രി അധികൃതർക്ക് രേഖാമൂലവും പരസ്യമായി മാപ്പപേക്ഷ സമർപ്പിച്ചു.




















