Canada suspends immigration
ഒട്ടാവ: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗബാധ അതിവേഗം പടർന്നുപിടിക്കുന്ന സാഹചര്യം മുൻനിർത്തി കടുത്ത പ്രതിരോധ നടപടികളുമായി കാനഡ ഫെഡറൽ സർക്കാർ. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദേശ പൗരന്മാരുടെ 36,060 സ്ഥിര താമസ (PR) അപേക്ഷകളുടെ പ്രോസസ്സിംഗ് കാനഡ താൽക്കാലികമായി നിർത്തിവെച്ചു. ഗവർണർ ഇൻ കൗൺസിൽ ഉത്തരവ് പ്രകാരം മേയ് 27 മുതൽ പ്രാബല്യത്തിൽ വന്ന ഈ താൽക്കാലിക സസ്പെൻഷൻ 2026 ഓഗസ്റ്റ് 28 വരെ തുടരുമെന്ന് കാനഡ ഗസറ്റിൽ പ്രസിദ്ധീകരിച്ച ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു.
പുതിയ അടിയന്തിര ഉത്തരവ് പ്രകാരം നിലവിൽ സ്ഥിര താമസ വിസ ലഭിച്ച 1,732 പേരുടെ യാത്രാ അനുമതിയും കാനഡ റദ്ദാക്കിയിട്ടുണ്ട്. ഇത് കൂടാതെ താൽക്കാലിക താമസ വിസകൾ (TRV), ഇലക്ട്രോണിക് യാത്രാ അംഗീകാരങ്ങൾ (eTA) എന്നിവയുള്ള 22,816 പേരെയും ഈ കടുത്ത നിയന്ത്രണം നേരിട്ട് ബാധിച്ചു. പ്രോസസ്സിംഗ് തടസ്സപ്പെട്ട ആകെ സ്ഥിര താമസ അപേക്ഷകളിൽ 30,665 എണ്ണവും ‘സംരക്ഷിത വ്യക്തികൾ’ (Protected Persons) എന്ന വിഭാഗത്തിൽ പെടുന്നവരുടേതാണ്. ഇതിൽ ഉഗാണ്ടയിൽ നിന്നുള്ള അപേക്ഷകളാണ് ഭൂരിഭാഗവും. ഫാമിലി ക്ലാസ് വിഭാഗത്തിൽ 3,409 അപേക്ഷകളും സാമ്പത്തിക കുടിയേറ്റ വിഭാഗത്തിൽ 641 അപേക്ഷകളും താൽക്കാലികമായി മരവിപ്പിച്ചവയിൽ ഉൾപ്പെടുന്നു.
കുടിയേറ്റ അപേക്ഷകളിൽ കൗൺസിൽ ഗവർണർക്ക് വിപുലമായ അധികാരം നൽകുന്ന ‘ബിൽ സി-12’ 2026 മാർച്ച് 26-ന് പാസാക്കിയതിന് ശേഷം ഈ നിയമം പ്രയോഗിക്കുന്ന ആദ്യ സംഭവമാണിത്. പൊതുജനാരോഗ്യ സുരക്ഷ മുൻനിർത്തി ഇമിഗ്രേഷൻ രേഖകൾ റദ്ദാക്കാനോ താൽക്കാലികമായി നിർത്തിവെക്കാനോ ഭരണകൂടത്തിന് ഈ നിയമം അധികാരം നൽകുന്നുണ്ട്. ഫിഫ ലോകകപ്പ് (FIFA World Cup 2026) മത്സരങ്ങൾക്ക് കാനഡ കൂടി ആതിഥേയത്വം വഹിക്കുന്നതിനാൽ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നത് കൂടി കണക്കിലെടുത്താണ് ഈ മുൻകരുതൽ. അപേക്ഷകൾ മരവിപ്പിച്ചതിനൊപ്പം ഈ രാജ്യങ്ങളിൽ അടുത്തിടെ സന്ദർശനം നടത്തിയ യാത്രക്കാർക്കായി മേയ് 30 മുതൽ ഓഗസ്റ്റ് 29 വരെ പ്രാബല്യമുള്ള പ്രത്യേക 21 ദിവസത്തെ ക്വാറന്റൈൻ നിർദ്ദേശങ്ങളും കാനഡ നടപ്പിലാക്കിയിട്ടുണ്ട്.




















