Brazil vs Morocco FIFA World Cup 2026
ന്യൂജഴ്സി: ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ സൂപ്പർ താരം നെയ്മർ ജൂനിയറില്ലാതെ ബ്രസീൽ ഇന്ന് കളത്തിലിറങ്ങും. ഗ്രൂപ്പ് സിയിലെ ശക്തരായ മൊറോക്കോയുമായുള്ള ആദ്യ മത്സരത്തിൽ പരിക്കിൽ നിന്നും മോചിതനാവാത്ത താരം കളിക്കില്ലെന്ന് മുഖ്യ പരിശീലകൻ കാർലോ ആഞ്ചലോട്ടി വാർത്താസമ്മേളനത്തിൽ സ്ഥിരീകരിച്ചു. വലത് കാൽമുട്ടിനേറ്റ ഗ്രേഡ് 2 പരിക്കാണ് താരത്തിന് വില്ലനായത്. എങ്കിലും നെയ്മർ ജൂൺ 19-ന് ഹെയ്തിക്കെതിരെ നടക്കുന്ന രണ്ടാം മത്സരത്തിൽ തിരിച്ചെത്തുമെന്നാണ് മെഡിക്കൽ സംഘം നൽകുന്ന സൂചന. കാനഡ, മെക്സിക്കോ, അമേരിക്ക എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഈ ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നാണിത്.
ന്യൂജഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 3.30-നാണ് (കാനേഡിയൻ സമയം ശനിയാഴ്ച 6PM) ഈ സൂപ്പർ പോരാട്ടം നടക്കുക. ചരിത്രത്തിലാദ്യമായി ഒരു വിദേശ പരിശീലകന്റെ കീഴിലാണ് ബ്രസീൽ ലോകവേദിയിൽ പന്തുരുട്ടുന്നത്. നെയ്മറിന്റെ അഭാവത്തിൽ വിനീഷ്യസ് ജൂനിയർ, റാഫിഞ്ഞ, യുവതാരം എൻഡ്രിക് എന്നിവരടങ്ങുന്ന ശക്തമായ മുന്നേറ്റനിരയിലാണ് കാനറികൾ പ്രതീക്ഷ വെക്കുന്നത്. മധ്യനിരയിൽ കസെമിറോയും ബ്രൂണോ ഗുയിമറസും കളി നിയന്ത്രിക്കുമ്പോൾ പ്രതിരോധത്തിൽ മാർക്വിനോസും ഗബ്രിയേലും അണിനിരക്കും. ഗ്രൂപ്പ് ഘട്ടത്തിൽ ബ്രസീൽ നേരിടുന്ന ഏറ്റവും കഠിനമായ പരീക്ഷണം മൊറോക്കോ ആണെന്ന് കോച്ച് ആഞ്ചലോട്ടി വ്യക്തമാക്കിയിട്ടുണ്ട്.
മറുഭാഗത്ത്, 2025 ലെ ആഫ്രിക്കൻ ചാമ്പ്യന്മാരായ മൊറോക്കോ മികച്ച ഫോമിലാണ് ടൂർണമെന്റിനെത്തുന്നത്. ക്യാപ്റ്റൻ അഷ്റഫ് ഹക്കിമി നയിക്കുന്ന പ്രതിരോധവും ബ്രാഹിം ഡിയാസ് നയിക്കുന്ന മുന്നേറ്റനിരയും ബ്രസീലിന് കടുത്ത വെല്ലുവിളി ഉയർത്തും. കഴിഞ്ഞ 2022 ലോകകപ്പിൽ സെമിഫൈനൽ വരെ കുതിച്ച് ചരിത്രം സൃഷ്ടിച്ച മൊറോക്കോ, ഇത്തവണയും വൻ അട്ടിമറികൾക്കാണ് ലക്ഷ്യമിടുന്നത്. ഇതിനുമുമ്പ് ഇരുടീമുകളും നേർക്കുനേർ വന്നപ്പോൾ ഒരു തവണ ബ്രസീൽ വിജയിച്ചപ്പോൾ, അവസാനമായി നടന്ന സൗഹൃദ മത്സരത്തിൽ മൊറോക്കോ ബ്രസീലിനെ അട്ടിമറിച്ചിരുന്നു. നെയ്മറുടെ അഭാവം മുതലെടുത്ത് ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ തന്നെ വിജയം സ്വന്തമാക്കാനുറച്ചാണ് ആഫ്രിക്കൻ കരുത്തർ കളിമുറ്റത്തേക്ക് വരുന്നത്.






















