Indrans Karuppu movie
ചെന്നൈ: ആർ.ജെ. ബാലാജി സംവിധാനം ചെയ്ത് സൂര്യ നായകനായ ‘കറുപ്പ്’ എന്ന തമിഴ് ചിത്രത്തിലൂടെ മറുഭാഷാ പ്രേക്ഷകരെയും അമ്പരപ്പിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടൻ ഇന്ദ്രൻസ്. മെയ് 15-ന് പുറത്തിറങ്ങിയ ചിത്രത്തിൽ സൂര്യയുടെ ‘മാസ്’ പ്രകടനത്തിനൊപ്പം തന്നെ ചർച്ചയാകുന്നത് ഇന്ദ്രൻസിന്റെ വൈകാരികമായ അഭിനയ മുഹൂർത്തങ്ങളാണ്. ഹാസ്യ നടനിൽ നിന്നും ക്യാരക്ടർ റോളുകളിലേക്കുള്ള ഇന്ദ്രൻസിന്റെ കരിയർ വളർച്ചയെ തമിഴ് മാധ്യമങ്ങളും സിനിമാ പ്രേമികളും വാനോളം പുകഴ്ത്തുകയാണ്.
അഭിനന്ദന പ്രവാഹം
ചിത്രത്തിൽ അനഘ അവതരിപ്പിക്കുന്ന ബിനു എന്ന കഥാപാത്രത്തിന്റെ അച്ഛനായാണ് ഇന്ദ്രൻസ് എത്തുന്നത്. സിനിമയുടെ തുടക്കത്തിൽ കഥയെ മുന്നോട്ട് നയിക്കുന്ന നിർണ്ണായകമായ വൈകാരിക രംഗങ്ങളിലെ ഇന്ദ്രൻസിന്റെ പ്രകടനം കണ്ട പല പ്രേക്ഷകരും അദ്ദേഹത്തിന് ഒരു ദേശീയ അവാർഡ് കൂടി ലഭിക്കാൻ അർഹതയുണ്ടെന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചു. മലയാളികൾക്ക് ഇന്ദ്രൻസിന്റെ അഭിനയ മികവ് സുപരിചിതമാണെങ്കിലും, തമിഴ് സിനിമയിൽ ആദ്യമായി ഇത്തരമൊരു വേഷം ചെയ്യുന്ന അദ്ദേഹത്തെ ‘യഥാർത്ഥ ഹീറോ’ എന്നാണ് തമിഴ്നാട്ടിലെ സിനിമാ ഗ്രൂപ്പുകൾ വിശേഷിപ്പിക്കുന്നത്.
Legend ❤️❤️❤️❤️ https://t.co/jdm56t12Hv
— RJ Balaji (@RJ_Balaji) May 15, 2026
സൂര്യയുടെ വൻ തിരിച്ചുവരവ്
പത്ത് വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം തെന്നിന്ത്യൻ താരം സൂര്യയുടെ വമ്പൻ തിരിച്ചുവരവായാണ് ‘കറുപ്പ്’ എന്ന ചിത്രം വിലയിരുത്തപ്പെടുന്നത്. റിലീസ് ചെയ്ത ആദ്യദിനം തന്നെ ആഗോളതലത്തിൽ 20 കോടി രൂപയിലധികം ചിത്രം ബോക്സ് ഓഫീസിൽ നേടിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ട് പതിറ്റാണ്ടിന് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രധാന സവിശേഷതയാണ്. വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സായ് അഭ്യങ്കറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. കൂടാതെ സ്വാസിക, ശിവദ, അനഘ മായ രവി, നാട്ടി തുടങ്ങിയ മലയാളി താരങ്ങളുടെ സാന്നിധ്യവും ചിത്രത്തിന് കരുത്തേകുന്നു.
സിനിമയുടെ ഹൈലൈറ്റായ ഇൻ്റർവെൽ ബ്ലോക്കും സൂര്യയുടെ ‘ഗോഡ് മോഡ്’ പ്രകടനവും പോലെ തന്നെ ഇന്ദ്രൻസിന്റെ ലളിതവും എന്നാൽ തീക്ഷ്ണവുമായ അഭിനയവും സിനിമയുടെ നെടുംതൂണായി മാറിയിരിക്കുകയാണ്. തമിഴ്നാടിന് പുറമെ ഉത്തരേന്ത്യൻ റിവ്യൂവേഴ്സും ഇന്ദ്രൻസിനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.
കൂടുതൽ സിനിമാ വാർത്തകൾക്കായി Film വിഭാഗം സന്ദർശിക്കുക




















