SSLC Result 2026 Kerala
തിരുവനന്തപുരം: കേരളം കാത്തിരുന്ന ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇത്തവണ 99.07 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിലും ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണത്തിലും നേരിയ കുറവുണ്ടായിട്ടുണ്ട്. പരീക്ഷ എഴുതിയവരിൽ 4,14,290 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. ഇത്തവണയും വിജയശതമാനത്തിലും മികച്ച ഗ്രേഡുകൾ കരസ്ഥമാക്കുന്നതിലും പെൺകുട്ടികളാണ് ആധിപത്യം ഉറപ്പിച്ചത്. യോഗ്യത നേടിയവരിൽ 99.22 ശതമാനം പേരും പെൺകുട്ടികളാണ്.
സംസ്ഥാനത്താകെ 30,514 വിദ്യാർത്ഥികളാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. കഴിഞ്ഞ വർഷം ഇത് 61,449 ആയിരുന്നു എന്നത് ശ്രദ്ധേയമാണ്. ഫുൾ എ പ്ലസ് നേടിയവരിൽ 20,771 പെൺകുട്ടികളും 9,743 ആൺകുട്ടികളും ഉൾപ്പെടുന്നു. റവന്യൂ ജില്ലകളിൽ പത്തനംതിട്ടയാണ് വിജയശതമാനത്തിൽ മുന്നിലെത്തിയത്. വിദ്യാഭ്യാസ ജില്ലകളിൽ 100 ശതമാനം വിജയം നേടി കുട്ടനാട് തിളക്കമാർന്ന നേട്ടം സ്വന്തമാക്കി. കൊല്ലം ജില്ലയിലെ 11.6 ശതമാനം കുട്ടികൾ ഫുൾ എ പ്ലസ് കരസ്ഥമാക്കി ശ്രദ്ധേയരായി. 3,059 സ്കൂളുകളിലായി നടന്ന പരീക്ഷയുടെ മൂല്യനിർണ്ണയം സംസ്ഥാനത്തെ 72 ക്യാമ്പുകളിലായാണ് പൂർത്തിയാക്കിയത്.
വിദ്യാർത്ഥികൾക്ക് ഫലം വൈകുന്നേരം 3.30 മുതൽ വിവിധ വെബ്സൈറ്റുകളിലും ഡിജി ലോക്കറിലും ലഭ്യമാകും. കൂടാതെ +9188619958 എന്ന വാട്ട്സ് ആപ്പ് നമ്പറിലൂടെയും ഫലം അറിയാൻ സാധിക്കും. പരീക്ഷയിൽ പരാജയപ്പെട്ടവർക്കും മാർക്ക് വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കുമായി സേ (SAY) പരീക്ഷ ജൂൺ ആദ്യവാരം നടക്കും. ഇതിന്റെ ഫലം ജൂൺ അവസാനത്തോടെ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു. പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ മെയ് 16 മുതൽ 21 വരെയുള്ള സമയപരിധിക്കുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
ഫലം ലഭ്യമാകുന്ന പ്രധാന വെബ്സൈറ്റുകൾ:
-
results.kite.kerala.gov.in
-
keralaresults.nic.in
-
sslcexam.kerala.gov.in
-
prd.kerala.gov.in

























