Ravi Mohan Khushbu controversy
ചെന്നൈ: തമിഴ് നടൻ രവി മോഹനും (ജയം രവി) നടി ഖുശ്ബുവും തമ്മിലുള്ള വാക്പോര് തെന്നിന്ത്യൻ സിനിമാലോകത്ത് വലിയ ചർച്ചയാകുന്നു. തന്റെ കുടുംബം തകർക്കാൻ ഒരു ‘ഇഡ്ഡലി നടി’ ശ്രമിച്ചുവെന്ന രവി മോഹന്റെ വിവാദ പരാമർശത്തിന് മറുപടിയുമായി ഖുശ്ബു രംഗത്തെത്തി. ആരുടെയും പേര് പരാമർശിക്കാതെയായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം.
ഭാര്യ ആർതിയുമായുള്ള വിവാഹമോചന വാർത്തകൾക്ക് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് രവി മോഹൻ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. “പേര് പറഞ്ഞാൽ കേസ് വരും, അതുകൊണ്ട് ‘ഇഡ്ഡലി നടി’ എന്ന് വിളിക്കാം. മൂന്ന് അക്ഷരമുള്ള പേരുള്ള ആ നടി മുൻപും പല മുതിർന്ന നടന്മാരുടെയും കുടുംബം തകർക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് അവർ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. സ്വയം ഫെമിനിസ്റ്റ് എന്ന് പറയുന്ന ഇവർക്ക് എന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കാൻ എന്ത് യോഗ്യതയാണുള്ളത്?” എന്നായിരുന്നു രവിയുടെ വാക്കുകൾ. തന്റെ വിവാഹമോചന നടപടികൾ പൂർത്തിയാകുന്നത് വരെ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
സോഷ്യൽ മീഡിയയിൽ ഈ പരാമർശം ഖുശ്ബുവിനെ ഉദ്ദേശിച്ചാണെന്ന ചർച്ചകൾ കൊഴുത്തതോടെയാണ് നടി പ്രതികരണവുമായെത്തിയത്. “ചിലർ അവരുടെ ജനിതകം തെളിയിക്കാൻ പരമാവധി ശ്രമിക്കുന്നു. ഞാൻ ശരിയാണെന്ന് വീണ്ടും തെളിയിച്ചതിന് നന്ദി,” എന്നായിരുന്നു ഖുശ്ബുവിന്റെ കുറിപ്പ്. ആർതി രവിയുടെ അടുത്ത സുഹൃത്തായ ഖുശ്ബു, ആർതിക്ക് പിന്തുണയുമായി സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇതാണ് രവി മോഹനെ പ്രകോപിപ്പിച്ചതെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
സംഗീത ചികിത്സകയായ കെനിഷ ഫ്രാൻസിസുമായുള്ള രവി മോഹന്റെ അടുപ്പമാണ് വിവാഹമോചനത്തിന് കാരണമായതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത് രവി നിഷേധിച്ചിരുന്നു. മക്കളെ കാണാൻ അനുവദിക്കുന്നില്ലെന്നും സാമ്പത്തികമായി തന്നെ നിയന്ത്രിക്കാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ച് രവി രംഗത്തെത്തിയപ്പോൾ, തന്റെ നിശബ്ദത ദൗർബല്യമായി കാണരുതെന്ന് ആർതിയും പ്രതികരിച്ചു. ഇതിനിടെ സൈബർ ആക്രമണം മൂലം കെനിഷ ചെന്നൈ വിടുന്നതായും റിപ്പോർട്ടുകളുണ്ട്.




















