Spain vs Cabo Verde FIFA World Cup 2026
അറ്റ്ലാന്റ: ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിനിറങ്ങിയ യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിനിനെ ഗോൾ നേടാൻ അനുവദിക്കാതെ കെട്ടിപ്പൂട്ടി ലോകകപ്പിലെ കന്നിബൂറ്റുകാരായ കാബോ വെർദെ. അറ്റ്ലാന്റ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 90 മിനിറ്റും സ്പാനിഷ് പട ആഞ്ഞുശ്രമിച്ചിട്ടും കാബോ വെർദെയുടെ പ്രതിരോധ കോട്ട തകർക്കാൻ കഴിഞ്ഞില്ല. ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയ കാബോ വെർദെ ശക്തരായ സ്പെയിനിൽ നിന്ന് ഒരു പോയിന്റ് പിടിച്ചെടുത്ത് ചരിത്രമെഴുതുകയായിരുന്നു.
പരിക്കിന്റെ ആശങ്കകൾ നിലനിന്നിരുന്നതിനാൽ സൂപ്പർ താരങ്ങളായ ലമീൻ യമാൽ, നിക്കോ വില്യംസ് എന്നിവരെ ബെഞ്ചിലിരുത്തിയാണ് സ്പാനിഷ് കോച്ച് ലൂയിസ് ഡി ലാ ഫ്യൂന്റെ ടീമിനെ ഇറക്കിയത്. ഫെറാൻ ടോറസ്, മിക്കേൽ ഒയർസബാൽ എന്നിവരായിരുന്നു മുന്നേറ്റ നിരയിൽ. മധ്യനിരയിൽ ക്യാപ്റ്റൻ റോഡ്രി, പെഡ്രി, ഗാവി, ഫാബിയൻ റൂയിസ് സഖ്യവുമുണ്ടായിരുന്നു. 62 ശതമാനം ബോൾ പൊസഷൻ നിലനിർത്തി 764 പാസുകളുമായി സ്പെയിൻ കളം നിറഞ്ഞെങ്കിലും 11 കളിക്കാരെയും ബോക്സിന് മുന്നിൽ നിർത്തി ‘ബസ് പാർക്കിങ്’ ഡിഫൻസ് പുറത്തെടുത്ത കാബോ വെർദെയെ മറികടക്കാനായില്ല. സ്പെയിൻ പായിച്ച 23 ഷോട്ടുകളിൽ എട്ടെണ്ണവും ലക്ഷ്യത്തിലേക്കായിരുന്നു. എന്നാൽ 40-കാരനായ കാബോ വെർദെ ഗോൾകീപ്പർ വൊസീഞ്ഞയുടെ മിന്നൽ സേവുകൾ ലാ റോജയ്ക്ക് വിലങ്ങുതടിയായി.
മത്സരത്തിന്റെ 39-ാം മിനിറ്റിൽ സ്പെയിൻ ഗോളിനടുത്തെത്തിയിരുന്നു. കുർകുറേയ ഉയർത്തി നൽകിയ പന്ത് ഫെറാൻ ടോറസ് അടിച്ചെങ്കിലും ബാറിലിടിച്ചു മടങ്ങി. റീബൗണ്ടിൽ ഒയർസബാൽ ഹെഡ്ഡ് ചെയ്ത പന്ത് വൊസീഞ്ഞ സിംഗിൾ ടച്ചിലൂടെ രക്ഷപ്പെടുത്തി. രണ്ടാം പകുതിയിലും ഗോൾ വരാതിരുന്നതോടെ 70-ാം മിനിറ്റിൽ ലമീൻ യമാൽ, നിക്കോ വില്യംസ്, മിക്കേൽ മെറിനോ എന്നിവരെയും പിന്നീട് ഡാനി ഓൽമോയെയും കോച്ച് കളത്തിലിറക്കി. യമാൽ വന്നതോടെ കളിക്ക് വേഗം കൂടിയെങ്കിലും 83-ാം മിനിറ്റിൽ കുർകുറേയയുടെ ഹെഡ്ഡറും വൊസീഞ്ഞ തടുത്തിട്ടു. മത്സരത്തിന്റെ അവസാന മിനിറ്റിൽ കാബോ വെർദെയുടെ ബോർജസ് തൊടുത്ത ഹെഡ്ഡർ സ്പാനിഷ് കീപ്പർ ഉനായ് സിമോൺ രക്ഷപ്പെടുത്തിയതോടെയാണ് സ്പെയിൻ വലിയൊരു അട്ടിമറിയിൽ നിന്ന് രക്ഷപ്പെട്ടത്.



















