Mohanlal Drishyam 3
ബോക്‌സ് ഓഫീസിൽ മലയാള സിനിമയുടെ ‘ക്രൗഡ് പുള്ളർ’ താൻ തന്നെയാണെന്ന് ഒരിക്കൽക്കൂടി അടിവരയിട്ട് പ്രഖ്യാപിച്ച് മോഹൻലാൽ. സിനിമാ ലോകം ഒന്നടങ്കം കാത്തിരുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം ‘ദൃശ്യം 3’ തിയറ്ററുകളിൽ വൻ റെക്കോർഡ് ഓപ്പണിംഗോടെ കുതിപ്പ് ആരംഭിച്ചു. മോഹൻലാലിന്റെ പിറന്നാൾ ദിനമായിരുന്ന ഇന്നലെ (മെയ് 21) ആഗോളതലത്തിൽ റിലീസ് ചെയ്ത ചിത്രം ആദ്യദിനം തന്നെ മലയാള സിനിമാ ചരിത്രത്തിലെ സകല പ്രീ-റിലീസ് റെക്കോർഡുകളും തകർത്തെറിഞ്ഞു.
പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയിലൂടെ ആദ്യദിനം ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിക്കപ്പെടുന്ന മലയാള ചിത്രം എന്ന സർവ്വകാല റെക്കോർഡാണ് ദൃശ്യം 3 സ്വന്തമാക്കിയത്. മോഹൻലാലിന്റെ തന്നെ തൊട്ടുമുൻപത്തെ ചിത്രമായ ‘തുടരും’ സ്ഥാപിച്ച റെക്കോർഡാണ് ജോർജുകുട്ടിയും കുടുംബവും ചേർന്ന് തിരുത്തിയത്. ‘തുടരും’ റിലീസ് ദിനത്തിൽ 4.19 ലക്ഷം ടിക്കറ്റുകൾ വിറ്റിരുന്ന സ്ഥാനത്ത്, ദൃശ്യം 3 ഇന്നലെ മാത്രം വിറ്റഴിച്ചത് 5.87 ലക്ഷം ടിക്കറ്റുകളാണ്!
ഈ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളതും മറ്റൊരു മോഹൻലാൽ ചിത്രമായ പൃഥ്വിരാജ് സംവിധാനം ചെയ്ത ‘എമ്പുരാൻ’ (3.81 ലക്ഷം ടിക്കറ്റുകൾ) ആണ്. ഇതോടെ ബുക്ക് മൈ ഷോയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളും മോഹൻലാൽ ചിത്രങ്ങൾ മാത്രമായി ചുരുങ്ങി. ചിത്രത്തിന്റെ ആദ്യ ഷോകൾ പുറത്തുവന്നതിന് പിന്നാലെ പോസിറ്റീവ് റിവ്യൂസ് കൂടിയെത്തിയതോടെ ടിക്കറ്റ് ബുക്കിംഗ് കുതിച്ചുയരുകയായിരുന്നു. ഒരു ഘട്ടത്തിൽ മണിക്കൂറിൽ 41,000-ത്തിലധികം ടിക്കറ്റുകളാണ് ദൃശ്യം 3 വിറ്റഴിച്ചത്.
മലയാള സിനിമയ്ക്ക് ഇന്നേവരെ ലഭിക്കാത്ത തരത്തിലുള്ള വമ്പൻ ആഗോള റിലീസാണ് നിർമ്മാതാക്കളായ ആശിർവാദ് സിനിമാസ് ദൃശ്യം 3-ന് ഒരുക്കിയത്. ലോകമെമ്പാടുമുള്ള 67 രാജ്യങ്ങളിലാണ് ചിത്രം ഒരേദിവസം റിലീസ് ചെയ്തത്. വൻകിട ബോളിവുഡ് ചിത്രങ്ങൾക്ക് പോലും ലഭിക്കാത്ത ഈ റെക്കോർഡ് റിലീസ് മുൻകൂട്ടി കണ്ട് 11 ദിവസം മുൻപ് തന്നെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിരുന്നു. ബോക്‌സ് ഓഫീസിലെ ആദ്യദിന കളക്ഷൻ വിവരങ്ങൾ പുറത്തുവരുമ്പോൾ മലയാളത്തിലെ ഏറ്റവും ഉയർന്ന കളക്ഷൻ റെക്കോർഡുകൾ ചിത്രം മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.























