A4 paper drug smuggling Kuwait
കുവൈത്ത് സിറ്റി: സാധാരണ എ4 ഷീറ്റ് പേപ്പറുകളിൽ മയക്കുമരുന്ന് കലർത്തി കടത്താൻ ശ്രമിച്ച ഏഷ്യൻ വംശജനായ പ്രവാസി കുവൈത്തിൽ പിടിയിലായി. കുവൈത്ത് നാർക്കോട്ടിക് ഉദ്യോഗസ്ഥർ നടത്തിയ കർശന പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. ലഹരിക്കടത്ത് തടയാൻ അതിർത്തികളിൽ സുരക്ഷ ശക്തമാക്കിയതോടെയാണ് ലഹരി സംഘങ്ങൾ ഇത്തരം പുതിയ വഴികൾ പരീക്ഷിക്കുന്നത്.
ദ്രാവക രൂപത്തിലുള്ള കെമിക്കൽ മയക്കുമരുന്നിൽ പേപ്പറുകൾ മുക്കിയെടുത്താണ് പ്രതി കടത്താൻ ശ്രമിച്ചത്. ഇത്തരത്തിൽ ലഹരി കലർത്തിയ 10 എ4 ഷീറ്റുകൾ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ഇത് ഉണക്കി സൂക്ഷിച്ച നിലയിലായിരുന്നു. സാധാരണ പരിശോധനകളിൽ ഇത് കണ്ടെത്തുക പ്രയാസമാണ്.
ലഹരി പേപ്പറുകൾക്ക് പുറമെ ‘ശാബു’ എന്നറിയപ്പെടുന്ന അഞ്ച് ഗ്രാം ക്രിസ്റ്റൽ മെത്താംഫെറ്റാമൈനും ഇയാളിൽ നിന്ന് കണ്ടെടുത്തു. സ്റ്റാമ്പ് രൂപത്തിലുള്ള എൽഎസ്ഡി മയക്കുമരുന്നുകൾ വിപണിയിൽ നേരത്തെ തന്നെയുണ്ട്. എന്നാൽ വലിയ എ4 പേപ്പറുകളിലേക്ക് ഈ രീതി മാറ്റിയത് ആശങ്ക വർദ്ധിപ്പിക്കുന്നു.
ഈ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിലും അതിർത്തികളിലും കൂടുതൽ ജാഗ്രത പുലർത്തുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംശയസ്പദമായ എല്ലാ വസ്തുക്കളും വിശദമായ രാസപരിശോധനയ്ക്ക് വിധേയമാക്കും. വരും ദിവസങ്ങളിൽ പരിശോധനകൾ കൂടുതൽ കർശനമാക്കാനാണ് അധികൃതരുടെ തീരുമാനം.





















