തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ജീവനക്കാരുടെ സംഘടനകൾ മെയ് 25, 26 തീയതികളിൽ നടത്താനിരുന്ന രാജ്യവ്യാപക പണിമുടക്ക് പിൻവലിച്ചു. ബാങ്ക് മാനേജ്മെന്റും യൂണിയൻ പ്രതിനിധികളും തമ്മിൽ വെള്ളിയാഴ്ച മുംബൈയിൽ നടത്തിയ ചർച്ച വിജയകരമായതിനെ തുടർന്നാണ് തീരുമാനം. പണിമുടക്ക് മാറ്റിവെച്ചതായും തിങ്കൾ, ചൊവ്വാഴ്ച ദിവസങ്ങളിൽ രാജ്യത്തെ എല്ലാ ശാഖകളും സാധാരണ നിലയിൽ പ്രവർത്തിക്കുമെന്നും എസ്ബിഐ ഔദ്യോഗികമായി അറിയിച്ചു.
സ്ഥിരം ജോലികൾ കരാർ അടിസ്ഥാനത്തിൽ ഔട്ട്സോഴ്സ് ചെയ്യുന്നതിനെതിരെയുള്ള പ്രതിഷേധം, പുതിയ നിയമനങ്ങൾ കൃത്യമായി നടത്താത്തത് ഉൾപ്പെടെയുള്ള 16 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് ഓൾ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് ഫെഡറേഷൻ (AISBISF) പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. നാലാം ശനിയാഴ്ചയും ഞായറാഴ്ചയുമുള്ള (മെയ് 23, 24) പതിവ് ബാങ്ക് അവധികൾക്ക് പിന്നാലെ പണിമുടക്കും ബക്രീദ് അവധിയും വരുന്നതിനാൽ തുടർച്ചയായി അഞ്ച് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കുമെന്ന ആശങ്കയിലായിരുന്നു ഉപഭോക്താക്കൾ.
യൂണിയൻ ഉന്നയിച്ച ഭൂരിഭാഗം ആവശ്യങ്ങളിലും അനുകൂലമായ പുരോഗതി ഉണ്ടായതായി എഐഎസ്ബിഐഎസ്എഫ് ജനറൽ സെക്രട്ടറി എൽ. ചന്ദ്രശേഖർ അറിയിച്ചു. ജീവനക്കാരുടെ കുറവ് മൂലമുള്ള അമിത ജോലിഭാരം കുറയ്ക്കുക, മെഡിക്കൽ ആനുകൂല്യങ്ങൾ പുതുക്കുക തുടങ്ങിയ ആവശ്യങ്ങളിൽ മാനേജ്മെന്റ് അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഇതോടെയാണ് പണിമുടക്ക് താൽക്കാലികമായി മാറ്റിവെക്കാൻ സംഘടന തീരുമാനിച്ചത്. മെയ് 27 ബുധനാഴ്ച ബക്രീദ് പ്രമാണിച്ചുള്ള പൊതുഅവധി മാത്രമായിരിക്കും ഇനി ബാങ്കുകൾക്ക് ഉണ്ടായിരിക്കുക.





















