California chemical leak Garden Grove 2026
ലോസ് ആഞ്ചലസ്: ദക്ഷിണ കാലിഫോർണിയയിലെ വ്യോമയാന നിർമ്മാണ ശാലയിലുണ്ടായ ശക്തമായ രാസവസ്തു ചോർച്ചയെ തുടർന്ന് 40,000-ത്തിലധികം ആളുകളെ അടിയന്തിരമായി ഒഴിപ്പിച്ചു. ഓറഞ്ച് കൗണ്ടിയിലെ ഗാർഡൻ ഗ്രോവിലുള്ള ‘ജികെഎൻ എയറോസ്‌പേസ്’ പ്ലാന്റിലെ വമ്പൻ സംഭരണ ടാങ്കിലാണ് ചോർച്ചയുണ്ടായത്. ടാങ്ക് ഏതുസമയത്തും പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്ന് അഗ്നിശമനസേനാ വിഭാഗം മുന്നറിയിപ്പ് നൽകി.
പ്ലാസ്റ്റിക് ഭാഗങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അതീവ അപകടകാരിയായ ‘മീഥൈൽ മെത്തക്റിലേറ്റ്’ എന്ന രാസവസ്തുവാണ് ടാങ്കിലുള്ളത്. ഏകദേശം 26,500 ലിറ്ററോളം ദ്രാവകം ടാങ്കിലുണ്ടെന്നാണ് കണക്കാക്കുന്നത്. വ്യാഴാഴ്ച മുതൽ ടാങ്ക് അമിതമായി ചൂടാകാൻ തുടങ്ങുകയും അന്തരീക്ഷത്തിലേക്ക് വിഷപ്പുക പുറന്തള്ളുകയും ചെയ്യുകയായിരുന്നു.
ടാങ്ക് തകരുകയോ അല്ലെങ്കിൽ വലിയ രീതിയിൽ പൊട്ടിത്തെറിക്കുകയോ ചെയ്യാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് അധികൃതർ കൂട്ട ഒഴിപ്പിക്കൽ പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ ഗാർഡൻ ഗ്രോവ് നിവാസികളെയാണ് മാറ്റിയത്. എന്നാൽ വെള്ളിയാഴ്ചയോടെ സമീപ നഗരങ്ങളായ സൈപ്രസ്, സ്റ്റാന്റൺ, അനഹൈം, ബ്യൂണ പാർക്ക്, വെസ്റ്റ്മിൻസ്റ്റർ എന്നിവിടങ്ങളിലേക്കും ഒഴിപ്പിക്കൽ ഉത്തരവ് വ്യാപിപ്പിച്ചു.
ടാങ്കിന്റെ താപനില നിലവിൽ നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടുണ്ടെന്ന് ഓറഞ്ച് കൗണ്ടി ഫയർ അതോറിറ്റി ചീഫ് ക്രെയ്ഗ് കോവി അറിയിച്ചു. എങ്കിലും ടാങ്കിന്റെ തകരാർ പൂർണ്ണമായി പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. ടാങ്ക് പൊട്ടിത്തെറിച്ചാൽ ചുറ്റുമുള്ള മറ്റ് ഇന്ധന ടാങ്കുകളെയും അത് ബാധിക്കും. അപകടം ഒഴിവാക്കാൻ വിദഗ്ധ സംഘങ്ങൾ നിരന്തരമായി ശ്രമിക്കുകയാണ്.
ഈ രാസവസ്തു ശ്വസിക്കുന്നത് കടുത്ത ശ്വാസതടസ്സം, കണ്ണെരിച്ചിൽ, തലവേദന, ഓക്കാനം എന്നിവയ്ക്ക് കാരണമാകുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചോർച്ചയുണ്ടായാൽ രാസവസ്തു കടലിലേക്കോ അടുത്തുള്ള ജലാശയങ്ങളിലേക്കോ ഒഴുകാതിരിക്കാൻ പ്ലാന്റിന് ചുറ്റും മണൽച്ചാക്കുകൾ ഉപയോഗിച്ച് താൽക്കാലിക തടസ്സങ്ങൾ നിർമ്മിച്ചിട്ടുണ്ട്. പ്രശസ്തമായ ഡിസ്‌നിലാൻഡ് തീം പാർക്കുകൾക്ക് സമീപമാണ് ഈ പ്രദേശം. എന്നാൽ നിലവിൽ പാർക്കുകൾ സുരക്ഷിതമാണെന്ന് അധികൃതർ വ്യക്തമാക്കി.
അമേരിക്കയിൽ നിന്നുള്ള കൂടുതൽ വാർത്തകൾക്കായി USA വിഭാഗം സന്ദർശിക്കുക

























