Hantavirus Canada
ഒട്ടാവ: ഈ വർഷം അന്റാർട്ടിക്കയിലേക്കുള്ള ക്രൂയിസ് യാത്രയ്ക്കിടെ ആഗോളതലത്തിൽ ഭീതിപരത്തിയ ഹാന്റാവൈറസ് ബാധിച്ച കനേഡിയൻ പൗരൻ പൂർണ്ണമായി രോഗമുക്തനായി. ബ്രിട്ടീഷ് കൊളംബിയ ആരോഗ്യ വകുപ്പ് അധികൃതരാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കപ്പലിലെ മാരകമായ ‘ആൻഡീസ്’ ഹാന്റാവൈറസ് അണുബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹം കടുത്ത നിരീക്ഷണത്തിലും ചികിത്സയിലുമായിരുന്നു.
യൂക്കൺ സ്വദേശിയായ ഈ രോഗിയെ ആരോഗ്യനില വീണ്ടെടുത്തതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച അവസാനം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തതായി പ്രൊവിൻഷ്യൽ ഹെൽത്ത് ഓഫീസറുടെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. അതേസമയം, ഇതേ കപ്പലിൽ യാത്ര ചെയ്യുകയും കഴിഞ്ഞ മാസം മുതൽ നിരീക്ഷണത്തിൽ കഴിയുകയും ചെയ്യുന്ന മറ്റ് മൂന്ന് കനേഡിയൻ പൗരന്മാർ ഇപ്പോഴും 42 ദിവസത്തെ നിർബന്ധിത ക്വാറന്റൈനിൽ തുടരുകയാണ്. ഇവർക്ക് ഇതുവരെ യാതൊരുവിധ രോഗലക്ഷണങ്ങളും കണ്ടെത്തിയിട്ടില്ല.
‘എം വി ഹോണ്ടിയസ്’ എന്ന ഡച്ച് ക്രൂയിസ് കപ്പലിൽ യാത്ര ചെയ്തതിനിടെയാണ് നാല് കനേഡിയൻമാരും വൈറസ് സമ്പർക്കത്തിലായതെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. അർജന്റീനയിൽ നിന്നും അന്റാർട്ടിക്കയിലേക്കുള്ള യാത്രയ്ക്കിടെ ദക്ഷിണ അറ്റ്ലാന്റിക്കിലെ ഒറ്റപ്പെട്ട ചില ദ്വീപുകളിൽ കപ്പൽ നിർത്തിയ ശേഷമാണ് ഹാന്റാവൈറസ് വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഏപ്രിൽ ഒന്നിന് ശേഷമുള്ള കാലയളവിലാണ് കപ്പലിൽ രോഗബാധ സ്ഥിരീകരിച്ചതും ലോകമെമ്പാടുമുള്ള യാത്രക്കാരെ ബാധിച്ചതും.
മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരാൻ ശേഷിയുള്ള ലോകത്തിലെ ഏക ഹാന്റാവൈറസ് വകഭേദമാണ് ഈ ആൻഡീസ് സ്ട്രെയിൻ. കപ്പലിലെ അണുബാധയെ തുടർന്ന് ആഗോളതലത്തിൽ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, എം വി ഹോണ്ടിയസുമായി ബന്ധപ്പെട്ട ഈ രോഗവ്യാപനം കാരണം കാനഡയിലെ പൊതുജനങ്ങൾക്ക് നിലവിൽ യാതൊരുവിധ ആരോഗ്യഭീഷണിയുമില്ലെന്ന് കാനഡ പബ്ലിക് ഹെൽത്ത് ഏജൻസി വ്യക്തമാക്കി. രാജ്യത്തെ പൊതുസമൂഹത്തിന് രോഗബാധയ്ക്കുള്ള സാധ്യത വളരെ കുറവാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
READ NEWS:മരുന്നോ വാക്സിനോ ഇല്ല; ഹാന്റാ വയറസ് ചികിത്സയും പ്രതിരോധ ഗവേഷണങ്ങളും എവിടെവരെയായി?
MV Hondius cruise ship Andes virus outbreak 2026



















