ഓസ്ലോ: ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ വീണ്ടും അട്ടിമറിച്ച് ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്നാനന്ദയുടെ ചരിത്ര വിജയം. നോർവേ ചെസ്സ് ടൂർണമെന്റിലെ നിർണ്ണായകമായ എട്ടാം റൗണ്ടിൽ കറുത്ത കരുക്കളുമായി കളിച്ചാണ് ഇരുപതുകാരനായ പ്രഗ്നാനന്ദ കരുത്തനായ കാൾസനെ ക്ലാസിക്കൽ ചെസ്സിൽ വീഴ്ത്തിയത്. ഇതോടെ ഒരു കലണ്ടർ വർഷത്തിൽ ക്ലാസിക്കൽ ഫോർമാറ്റിൽ കാൾസനെ തുടർച്ചയായി രണ്ട് തവണ പരാജയപ്പെടുത്തുന്ന ആദ്യ താരം എന്ന അപൂർവ്വ റെക്കോർഡും പ്രഗ്നാനന്ദ സ്വന്തമാക്കി.
സ്വന്തം നാട്ടുകാർക്ക് മുന്നിൽ കരിയറിലെ എട്ടാം നോർവേ ചെസ്സ് കിരീടം ലക്ഷ്യമിട്ടിറങ്ങിയ കാൾസന് ഈ പരാജയം കനത്ത തിരിച്ചടിയായി. കളി കൈവിട്ടെന്ന് ഉറപ്പായതോടെ നിരാശയോടെ തലയാട്ടി പ്രഗ്നാനന്ദയ്ക്ക് കൈകൊടുത്ത് കാൾസൻ വേദി വിടുന്ന ദൃശ്യങ്ങൾ കായിക ലോകത്ത് ഇതിനകം തരംഗമായി കഴിഞ്ഞു. ഈ തകർപ്പൻ ജയത്തോടെ 12 പോയിന്റുമായി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് പ്രഗ്നാനന്ദ കുതിച്ചെത്തി. ടൂർണമെന്റിൽ ഇനി രണ്ട് റൗണ്ടുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ താരത്തിന്റെ കിരീടസാധ്യതകൾ സജീവമാണ്.
ഒരു ടൂർണമെന്റിൽ തന്നെ കാൾസനെതിരെ രണ്ട് ക്ലാസിക്കൽ വിജയങ്ങൾ നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് പ്രഗ്നാനന്ദ. ടൂർണമെന്റിലാകെ കാൾസൻ നേരിട്ട നാല് ക്ലാസിക്കൽ തോൽവികളിൽ രണ്ടെണ്ണവും ഈ ഇന്ത്യൻ വിസ്മയത്തിന് മുന്നിലായിരുന്നു. തോൽവിയോടെ നിലവിലെ ചാമ്പ്യനായ കാൾസന്റെ കിരീടം നിലനിർത്താനുള്ള സാധ്യതകൾ മങ്ങി. നിലവിൽ ജർമ്മനിയുടെ വിൻസെന്റ് കീമറെ ടൈ-ബ്രേക്കറിൽ പരാജയപ്പെടുത്തിയ അമേരിക്കൻ താരം വെസ്ലി സോ (14 പോയിന്റ്) ഒന്നാമതും, ഫ്രാൻസിന്റെ അലിരേസ ഫിരൂസ്ജ (13 പോയിന്റ്) രണ്ടാമതുമാണ്.
അതേസമയം നിലവിലെ ലോക ചാമ്പ്യനായ ഇന്ത്യയുടെ ഡി. ഗുകേഷിന് ടൂർണമെന്റിൽ നിരാശാജനകമായ തോൽവിയാണ് നേരിടേണ്ടി വന്നത്. ഫ്രാൻസിന്റെ അലിരേസ ഫിരൂസ്ജയോട് പരാജയപ്പെട്ടതോടെ ഗുകേഷ് കിരീടപ്പോരാട്ടത്തിൽ നിന്ന് പുറത്തായി. ടൂർണമെന്റിലെ ഗുകേഷിന്റെ മൂന്നാമത്തെ ക്ലാസിക്കൽ തോൽവിയാണിത്. നിലവിൽ എട്ട് പോയിന്റുള്ള ഗുകേഷിന് ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ വിജയിച്ചാൽ പോലും പരമാവധി 14 പോയിന്റിൽ മാത്രമേ എത്താനാകൂ എന്നതിനാലാണ് കിരീട പ്രതീക്ഷകൾ അവസാനിച്ചത്.
Praggnanandhaa defeats Magnus Carlsen Norway Chess



















