ധരംശാല: ഐപിഎൽ ക്വാളിഫയർ ഒന്നിൽ ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു തുടർച്ചയായ രണ്ടാം തവണയും ഫൈനലിൽ പ്രവേശിച്ചു. ധരംശാലയിൽ നടന്ന ആവേശപ്പോരാട്ടത്തിൽ 92 റൺസിന്റെ ആധികാരിക ജയമാണ് ഡിഫൻഡിങ് ചാമ്പ്യന്മാരായ ആർസിബി സ്വന്തമാക്കിയത്. നിലയുറച്ച ജയത്തിന് പിന്നാലെ എതിരാളികൾക്ക് കടുത്ത മുന്നറിയിപ്പുമായി ആർസിബി ക്യാപ്റ്റൻ രജത് പടിധാർ രംഗത്തെത്തി. ‘ഞങ്ങൾ നിങ്ങളെ വീഴ്ത്താൻ വരികയാണ്’ എന്ന തരത്തിലുള്ള വ്യക്തമായ സന്ദേശമാണ് മത്സരശേഷം ക്യാപ്റ്റൻ പടിധാർ പങ്കുവെച്ചത്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ആർസിബി, ക്യാപ്റ്റൻ പടിധാറിന്റെ തകർപ്പൻ ഇന്നിംഗ്സിന്റെ കരുത്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ 254 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. ഐപിഎൽ പ്ലേ-ഓഫ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ടീം സ്കോറാണിത്. വെറും 33 പന്തുകളിൽ നിന്ന് 9 സിക്സറുകളുടെ അകമ്പടിയോടെ 93 റൺസ് അടിച്ചുകൂട്ടി പടിധാർ പുറത്താകാതെ നിന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ശുഭ്മാൻ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റൻസിന് ആർസിബി ബൗളർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 19.3 ഓവറിൽ 162 റൺസിന് ഗുജറാത്ത് പൂർണ്ണമായും പുറത്തായി.
ടീം ഒന്നിച്ച് കാണിച്ച പോസിറ്റീവ് ബോഡി ലാംഗ്വേജാണ് വലിയ സ്കോറിലേക്ക് നയിച്ചതെന്ന് പടിധാർ പറഞ്ഞു. “ഞങ്ങൾക്ക് ഇതൊരു സൂപ്പർ മത്സരമായിരുന്നു. പ്രത്യേകിച്ച് ബാറ്റർമാർ കാണിച്ച ആക്രമണോത്സുകത ടീമിന് ഏറെ ഗുണം ചെയ്തു. ‘ഞങ്ങൾ നിങ്ങളെ വീഴ്ത്താൻ വരികയാണ്’ എന്ന തരത്തിലുള്ള ഒരു ബോഡി ലാംഗ്വേജ് നമ്മൾ കളിക്കളത്തിൽ കാണിക്കേണ്ടതുണ്ട്. അത് എല്ലാ ബാറ്റർമാരിലും ഉണ്ടായിരുന്നു. മത്സരത്തിന് മുൻപുള്ള മീറ്റിംഗിൽ പോസിറ്റീവ് ബോഡി ലാംഗ്വേജ് നിലനിർത്തുന്നതിനെക്കുറിച്ച് ഞങ്ങൾ സംസാരിച്ചിരുന്നു.” പടിധാർ വ്യക്തമാക്കി.
തുടക്കത്തിൽ പിച്ച് അൽപ്പം മന്ദഗതിയിലായിരുന്നതിനാലും വേരിയബിൾ ബൗൺസ് ഉണ്ടായിരുന്നതിനാലും നിലയുറപ്പിക്കാൻ സമയം ആവശ്യമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “തുടക്കത്തിൽ പിച്ച് എങ്ങനെയുണ്ടെന്നും ബൗളർമാർ എങ്ങനെയാണ് പന്തെറിയുന്നതെന്നും മനസ്സിലാക്കാൻ ഞാൻ എട്ട് മുതൽ പത്ത് പന്തുകൾ വരെ എടുക്കാറുണ്ട്. അതിനുശേഷം എനിക്ക് വ്യക്തമായ ഒരു പ്ലാൻ ലഭിക്കും. പിന്നീട് വിക്കറ്റ് പോകുന്നതിനെക്കുറിച്ച് ഞാൻ ചിന്തിക്കാറില്ല, പകരം ബൗളർമാരെ സമ്മർദ്ദത്തിലാക്കാനാണ് ശ്രമിക്കാറുള്ളത്.” ക്യാപ്റ്റൻ തന്റെ ബാറ്റിംഗ് ശൈലി വിശദീകരിച്ചു. ഈ വിജയത്തോടെ ധോണിക്കും രോഹിത് ശർമ്മയ്ക്കും ശേഷം ടീമിനെ തുടർച്ചയായി രണ്ട് ഐപിഎൽ ഫൈനലുകളിലേക്ക് നയിക്കുന്ന ക്യാപ്റ്റന്മാരുടെ നിരയിലേക്ക് പടിധാറും ഇടംനേടി.
























