Jailer 2 Rajinikanth release date
ചെന്നൈ: സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ജയിലർ 2’ വിന്റെ ഏറ്റവും പുതിയ വിവരങ്ങൾ പുറത്ത്. സിനിമയുടെ റിലീസ് തീയതിയിലും പ്രീ-റിലീസ് ഒടിടി ബിസിനസ്സിലും വൻ മാറ്റങ്ങളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മുത്തുവേൽ പാണ്ഡ്യൻ എന്ന മാസ് കഥാപാത്രത്തിന്റെ രണ്ടാം വരവിനായി 2023 മുതൽ ആഗോള സിനിമാലോകം കാത്തിരിക്കുകയാണ്.
ചിത്രം ആദ്യം ഓഗസ്റ്റ് മാസത്തിൽ റിലീസ് ചെയ്യുമെന്നായിരുന്നു സൂചനകൾ. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം സെപ്റ്റംബർ 10 അല്ലെങ്കിൽ 11 തീയതികളിൽ ഒന്നിലായിരിക്കും ജയിലർ 2 തിയേറ്ററുകളിൽ എത്തുക. ഗണപതി ഉൽസവത്തിന്റെ അവധിദിനങ്ങൾ കൂടി ലക്ഷ്യമിട്ടാണ് ഈ തീയതി അണിയറപ്രവർത്തകർ തിരഞ്ഞെടുത്തതെന്നാണ് വിവരം.
തിയേറ്ററുകളിൽ എത്തുന്നതിന് മുന്നേ തന്നെ തമിഴ് സിനിമയിലെ ഏറ്റവും വലിയ ഒടിടി ഡീലാണ് ജയിലർ 2 സ്വന്തമാക്കിയിരിക്കുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോ ഏകദേശം 160 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയതെന്നാണ് സിനിമാ മേഖലയിൽ നിന്നുള്ള റിപ്പോർട്ടുകൾ.
മലയാളി പ്രേക്ഷകർക്ക് ഏറെ ആവേശം നൽകുന്ന നിരവധി ഘടകങ്ങൾ രണ്ടാം ഭാഗത്തിലുമുണ്ട്. ചിത്രത്തിന്റെ പ്രധാന ഷെഡ്യൂളുകൾ പാലക്കാട് അട്ടപ്പാടിയിലും കോഴിക്കോടുമായാണ് ചിത്രീകരിച്ചത്. മലയാളത്തിന്റെ പ്രിയ താരം സുരാജ് വെഞ്ഞാറമൂട് ഈ ചിത്രത്തിൽ രജനികാന്തിനൊപ്പം ഒരു നിർണ്ണായക വേഷത്തിൽ എത്തുന്നുണ്ട്. ഒന്നാം ഭാഗത്തിൽ തരംഗം സൃഷ്ടിച്ച മോഹൻലാലിന്റെ ‘മാത്യു’ എന്ന ഡോൺ കഥാപാത്രം രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്നാണ് സൂചനകൾ. അനിരുദ്ധ് രവിചന്ദർ തന്നെയാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ഈ വൻ പ്രോജക്റ്റ് നിർമ്മിക്കുന്നത്.



















