കിംഗ്സ്റ്റൺ: കാനഡയിലെ ഒന്റാരിയോ പ്രവിശ്യയിലുള്ള കിംഗ്സ്റ്റണിൽ ഐസ്‌ക്രീം പാർലറിൽ നിന്ന് ഓർഡർ മാറി നൽകിയ ഉൽപ്പന്നം കഴിച്ചതിനെ തുടർന്ന് എട്ടുവയസ്സുകാരൻ കടുത്ത അലർജി മൂലം മരണപ്പെട്ടു. കിംഗ്സ്റ്റൺ സ്വദേശിയായ ലിയാം എന്ന കുട്ടിയാണ് ഓർഡർ മിക്‌സ് അപ്പ് കാരണം ജീവൻ വെടിഞ്ഞത്. കുഞ്ഞിന്റെ ദാരുണമായ വിയോഗത്തിന് പിന്നാലെ ഭക്ഷ്യ അലർജികളെക്കുറിച്ചുള്ള ബോധവൽക്കരണം ലക്ഷ്യമിട്ട് മാതാപിതാക്കൾ തന്നെയാണ് ഈ വിവരം മാധ്യമങ്ങള പങ്കുവെച്ചത്.
കുട്ടിയുടെ അമ്മ ജൂലിയ ഗാർട്ട്‌ലാൻഡ് നൽകിയ വിവരമനുസരിച്ച്, തിങ്കളാഴ്ച രാത്രിയാണ് അവർ കുട്ടികളുമായി പ്രാദേശിക ‘ഡയറി ക്വീൻ’ ഔട്ട്‌ലെറ്റിൽ എത്തിയത്. ലിയാമിന് പാൽ ഉൽപ്പന്നങ്ങൾ, മുട്ട, കപ്പലണ്ടി എന്നിവയോട് കടുത്ത അലർജിയുണ്ടായിരുന്നു. അതിനാൽ പാലിന്റെ അംശമില്ലാത്ത ‘വേഗൻ ഡില്ലി ബാർ’ ആണ് അമ്മ അവനായി ഓർഡർ ചെയ്തത്.
കൗണ്ടറിലിരുന്ന ജീവനക്കാരൻ “ഇതാ നിങ്ങളുടെ വേഗൻ ഡില്ലി ബാർ” എന്ന് പറഞ്ഞാണ് ഐസ്‌ക്രീം കൈമാറിയത്. ജീവനക്കാരന്റെ വാക്കുകൾ വിശ്വസിച്ച് പാക്കറ്റ് കൃത്യമായി പരിശോധിക്കാതെ അമ്മ അത് കുട്ടിക്ക് നൽകുകയായിരുന്നു. എന്നാൽ ഐസ്‌ക്രീം കഴിച്ച് അഞ്ച് മിനിറ്റിനുള്ളിൽ തന്നെ ഇതിൽ പാലിന്റെ അംശമുണ്ടെന്ന് ലിയാം അമ്മയോട് പറഞ്ഞു. തുടർന്ന് പാക്കറ്റ് പരിശോധിച്ചപ്പോഴാണ് സാധാരണ ഡയറി ഐസ്‌ക്രീം ആണ് ജീവനക്കാരൻ മാറി നൽകിയതെന്ന് ഇവർ തിരിച്ചറിഞ്ഞത്.
ഉടൻ തന്നെ അലർജിക്ക് ഉപയോഗിക്കുന്ന എപ്പിപെൻ നൽകാനും രക്ഷപ്പെടുത്താനുമായി ഇവർ ശ്രമിച്ചെങ്കിലും കുട്ടിയുടെ നില അതിവേഗം വഷളാവുകയും ശ്വാസതടസ്സം നേരിടുകയും ചെയ്തു. തുടർന്ന് ആംബുലൻസ് എത്തി ഉടൻ തന്നെ കിംഗ്സ്റ്റൺ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും കുട്ടിയുടെ ഹൃദയമിടിപ്പ് നിലച്ചിരുന്നു. ഏകദേശം 55 മിനിറ്റോളം കുട്ടിക്ക് ഹൃദയസ്തംഭനം ഉണ്ടായതിനെ തുടർന്ന് തലച്ചോറിന് ഗുരുതരമായ തകരാർ സംഭവിച്ചു. ലിയാമിന് നേരത്തെ തന്നെ ആസ്ത്മയും കോവിഡ് ലക്ഷണങ്ങളും ഉണ്ടായിരുന്നതിനാൽ അലർജി മൂലമുണ്ടായ ശ്വാസകോശ വീക്കം താങ്ങാൻ കുട്ടിയുടെ ശരീരത്തിന് കഴിഞ്ഞില്ലെന്ന് അമ്മ പറഞ്ഞു.
തുടർന്ന് 48 മണിക്കൂറോളം തലച്ചോറിന്റെ പ്രവർത്തനം പൂർണ്ണമായും നിലച്ചതിനെ തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മാതാപിതാക്കൾ ലിയാമിന് കണ്ണീരോടെ വിട നൽകുകയായിരുന്നു. ലിയാമിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ തീരുമാനിച്ചു. ഇതിലൂടെ മൂന്ന് വയസ്സുള്ള ഒരു പെൺകുട്ടിയടക്കം മറ്റ് കുട്ടികൾക്ക് പുതുജീവൻ ലഭിച്ചതായും അവർ അറിയിച്ചു.
സംഭവത്തെക്കുറിച്ച് ഡയറി ക്വീൻ വക്താക്കൾ ദുഃഖം രേഖപ്പെടുത്തുകയും, ഔട്ട്‌ലെറ്റ് ഫ്രാഞ്ചൈസി ഉടമ അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്നും വ്യക്തമാക്കി. അധികൃതർ സംഭവത്തിൽ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





















