ഷാർജ: യുഎഇയിലെ ഷാർജയിൽ പൊതുസമൂഹത്തെ ഒന്നടങ്കം നടുക്കിയ ദാരുണ സംഭവം. രണ്ട് വയസ്സുകാരനായ പാകിസ്ഥാനി ബാലനെ അയൽവാസികളായ പത്ത് വയസ്സുള്ള രണ്ട് പെൺകുട്ടികൾ ചേർന്ന് റെസിഡൻഷ്യൽ കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് എറിഞ്ഞുകൊലപ്പെടുത്തി. മുഹമ്മദ് അർഷ്മാൻ എന്ന രണ്ടു വയസ്സുകാരനാണ് ഈ ക്രൂരതയ്ക്ക് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളായ പെൺകുട്ടികളെ ചൈൽഡ് പ്രൊട്ടക്ഷൻ അതോറിറ്റിയുടെ സഹായത്തോടെ ഷാർജ പോലീസ് കസ്റ്റഡിയിലെടുത്തു.
കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ആരെയും ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ഭീകരവിവരങ്ങൾ പുറത്തുവന്നത്. പ്രതികളായ പെൺകുട്ടികൾ കുഞ്ഞുമായി ഫ്ലാറ്റിന് പുറത്തെ ഇടനാഴിയിൽ കളിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. സംഭവം നടക്കുന്ന സമയത്ത് കുഞ്ഞിന്റെ അമ്മ വെറും ഒരു മിനിറ്റത്തേക്ക് മാത്രമാണ് ഫ്ലാറ്റിന്‍റെ ഉള്ളിലേക്ക് കയറിയത്. ഈ സമയം പുറത്തുണ്ടായിരുന്ന പെൺകുട്ടികളിൽ ഒരാൾ പടിക്കെട്ടിന്‍റെ വാതിൽ തുറന്ന് കുഞ്ഞിനെ കൈവീശി അടുത്തേക്ക് വിളിക്കുകയായിരുന്നു. കുഞ്ഞ് അങ്ങോട്ട് ചെന്നയുടൻ രണ്ടാമത്തെ പെൺകുട്ടി വാതിൽ പെട്ടെന്ന് അടച്ചു.
തുടർന്ന് പടിക്കെട്ടിനോട് ചേർന്നുള്ള ജനലിന്‍റെ തുറന്ന ഭാഗത്തുനിന്നും ഏകദേശം 14 മീറ്റർ താഴ്ചയുള്ള നിലത്തേക്ക് കുഞ്ഞിനെ ഇവർ എടുത്തെറിയുകയായിരുന്നു. അതിക്രൂരമായ ഈ പ്രവർത്തിക്ക് ശേഷം ഒരു പെൺകുട്ടി ഭയന്നോടിയെങ്കിലും, മറ്റേ പെൺകുട്ടി യാതൊരു ഭാവവ്യത്യാസവുമില്ലാതെ ശാന്തമായാണ് അവിടെ നിന്നും നടന്നുനീങ്ങിയത്. കെട്ടിടത്തിൽ നിന്നും വലിയ നിലവിളി ശബ്ദം കേട്ടാണ് സെക്യൂരിറ്റി ജീവനക്കാരൻ ഓടിയെത്തിയത്. താഴത്തെ നിലയിൽ കുഞ്ഞിന്റെ അമ്മ കരഞ്ഞ് സഹായം അഭ്യർത്ഥിക്കുന്നത് കണ്ടതോടെ പൊലീസിനെയും ആംബുലൻസിനെയും വിവരമറിയിക്കുകയായിരുന്നു.
യുഎഇയിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന പാകിസ്ഥാൻ സ്വദേശിയായ സജ്ജാദ് ഹുസൈന്‍റെ മകനാണ് മരിച്ച അർഷ്മാൻ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി യുഎഇയിൽ പ്രവാസിയായ ഇദ്ദേഹത്തിന് അഞ്ച് വർഷത്തെ നീണ്ട കാത്തിരിപ്പിനും പ്രാർത്ഥനകൾക്കും ഒടുവിലാണ് അർഷ്മാൻ ജനിക്കുന്നത്. തങ്ങളെ വിശ്വസിച്ച് ഓടിച്ചെന്ന കുഞ്ഞിനെയാണ് അവർ ഇല്ലാതാക്കിയതെന്നും വെറും നിമിഷങ്ങൾക്കുള്ളിലാണ് എല്ലാം സംഭവിച്ചതെന്നും പിതാവ് കണ്ണീരോടെ പറഞ്ഞു.
സംഭവം നടന്നയുടൻ ഷാർജ പൊലീസും സിഐഡിയും ഫോറൻസിക് സംഘവും സ്ഥലത്തെത്തി മണിക്കൂറുകളോളം തെളിവെടുപ്പ് നടത്തി. പ്രതികൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ കേസ് വിശദമായ അന്വേഷണത്തിനായി ചൈൽഡ് പ്രൊട്ടക്ഷൻ അതോറിറ്റിക്ക് കൈമാറിയിരിക്കുകയാണ്. കുട്ടികൾക്ക് ഇത്തരമൊരു ക്രൂരത ചെയ്യാൻ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് വ്യക്തമായിട്ടില്ല. ദുരന്തത്തിന് പിന്നാലെ തകർന്ന ഈ കുടുംബം താല്ക്കാലികമായി പാകിസ്ഥാനിലേക്ക് മടങ്ങിയിരിക്കുകയാണ്.



















