Mammootty honorary doctorate MG University
കോട്ടയം: പ്രശസ്ത ചലച്ചിത്ര താരം മമ്മൂട്ടിക്ക് മഹാത്മാഗാന്ധി സർവകലാശാലയുടെ പരമോന്നത ബിരുദമായ ഓണററി ഡോക്ടറേറ്റ് (ഡി.ലിറ്റ്.) സമ്മാനിച്ചു. സർവകലാശാലാ കാമ്പസിൽ വെച്ച് നടന്ന പ്രത്യേക ചടങ്ങിലാണ് അദ്ദേഹം ഈ വലിയ പുരസ്കാരം ഏറ്റുവാങ്ങിയത്. ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറാണ് മമ്മൂട്ടിക്ക് ബിരുദം സമ്മാനിച്ചത്. കല, സാംസ്കാരിക രംഗങ്ങളിലെ നാല്പറ്റഞ്ചിലധികം വർഷത്തെ സമഗ്ര സംഭാവനകളും സാമൂഹിക പ്രതിബദ്ധതയും മുൻനിർത്തിയാണ് ഈ ആദരവ്.
ചടങ്ങിൽ മമ്മൂട്ടിക്കൊപ്പം പ്രമുഖ നാഗസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിന് ഡി.ലിറ്റ് ബിരുദവും സമ്മാനിച്ചു. പ്രശസ്ത വാസ്കുലാർ സർജൻ ഡോ. എൻ. രാധാകൃഷ്ണന് ഡോക്ടർ ഓഫ് സയൻസ് (ഡി.എസ്സി.) ബിരുദവും ഗവർണർ കൈമാറി.
ഇത് മൂന്നാം തവണയാണ് മമ്മൂട്ടിയെ തേടി സർവകലാശാലകളുടെ ഡോക്ടറേറ്റ് ആദരവ് എത്തുന്നത്. മുൻപ് കേരള, കാലിക്കറ്റ് സർവകലാശാലകളും അദ്ദേഹത്തിന് ഡി.ലിറ്റ് ബിരുദം നൽകി ആദരിച്ചിട്ടുണ്ട്. തന്നെ ഒരു ഡോക്ടറാക്കണമെന്നത് പിതാവിന്റെ വലിയ ആഗ്രഹമായിരുന്നുവെന്ന് മമ്മൂട്ടി മറുപടി പ്രസംഗത്തിൽ ഓർമ്മിച്ചു. ഈ ബഹുമതി തന്നെ കൂടുതൽ വിനയാന്വിതനാക്കുന്നുവെന്നും അദ്ദേഹം ചടങ്ങിൽ പറഞ്ഞു.
സിനിമ തനിക്ക് ജീവിക്കാനും പോരാടാനുമുള്ള ധൈര്യമാണ് നൽകിയതെന്ന് മെഗാസ്റ്റാർ വ്യക്തമാക്കി. ഈ ബിരുദം ഉപയോഗിച്ച് വൈദ്യചികിത്സ നടത്താൻ കഴിയില്ലെന്നും അദ്ദേഹം ചിരിയോടെ പറഞ്ഞു. എന്നാൽ കഴിഞ്ഞ 45 വർഷമായി വിനോദത്തിലൂടെ താൻ ജനങ്ങളെ ചികിത്സിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ സംസാരിച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, സമൂഹത്തിന് വേണ്ടി പ്രവർത്തിക്കാനുള്ള മനോഭാവം വിദ്യാഭ്യാസത്തിലൂടെയാണ് നേടിയെടുക്കേണ്ടതെന്ന് ഓർമ്മിപ്പിച്ചു. ആദരിക്കപ്പെട്ട മൂന്ന് പ്രതിഭകളും തങ്ങളുടെ നേട്ടങ്ങൾക്ക് കാരണം സമൂഹത്തിന്റെ പിന്തുണയാണെന്ന് വ്യക്തമാക്കിയത് അവരുടെ മഹത്വമാണ് കാണിക്കുന്നത്. ഇവർക്ക് ബഹുമതി നൽകാൻ കഴിഞ്ഞത് സർവകലാശാലയ്ക്ക് ലഭിച്ച വലിയ ആദരമാണെന്നും ഗവർണർ കൂട്ടിച്ചേർത്തു. വൈസ് ചാൻസലർ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.





















