ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയിൽ പൊതുതിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിപദവിയിലിരുന്ന വ്യക്തിയെന്ന റെക്കോഡ് നരേന്ദ്ര മോദി സ്വന്തമാക്കുന്നു. ഔദ്യോഗിക പദവിയിൽ തുടർച്ചയായി 4,399 ദിവസങ്ങൾ പൂർത്തിയാക്കുന്നതോടെയാണിത്. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഭരണത്തലവനെന്ന നിലയിൽ 4,398 ദിവസങ്ങൾ പദവിയിലിരുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിന്റെ ചരിത്ര റെക്കോഡാണ് മോദി മറികടക്കുന്നത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തിയെന്ന റെക്കോഡ് ഇപ്പോഴും ജവാഹർലാൽ നെഹ്‌റുവിന്റെ പേരിലാണ് (ആകെ 6,130 ദിവസം). എന്നാൽ ഇതിൽ 1947 ഓഗസ്റ്റ് 15 മുതൽ 1952 വരെ അദ്ദേഹം നയിച്ച ഇടക്കാല സർക്കാർ പൊതുതിരഞ്ഞെടുപ്പിലൂടെയുള്ളതായിരുന്നില്ല. രാജ്യത്തെ ആദ്യ പൊതുതിരഞ്ഞെടുപ്പിന് ശേഷം 1952 മേയ് 13 മുതൽ 1964 മേയ് 27-ന് അന്തരിക്കുന്നത് വരെയാണ് നെഹ്‌റു തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി തുടർച്ചയായി രാജ്യം ഭരിച്ചത്. ഈ റെക്കോഡാണ് നരേന്ദ്ര മോദി ഇപ്പോൾ മറികടക്കുന്നത്. മുൻപ് കഴിഞ്ഞ വർഷം ജൂലൈയിൽ ഇന്ദിരാഗാന്ധിയുടെ തുടർച്ചയായ ഭരണത്തിന്റെ റെക്കോഡും മോദി തകർത്തിരുന്നു.
നരേന്ദ്ര മോദിയുടെ ഈ ചരിത്രപരമായ ഭരണനേട്ടത്തെ വിലയിരുത്തി മുൻ എം.പി. കരൺ സിങ് പ്രത്യേക കുറിപ്പ് പങ്കുവെച്ചു. ദേശീയ-അന്തർദേശീയ തലങ്ങളിൽ ഒട്ടേറെ വെല്ലുവിളികൾ നേരിട്ടിട്ടും പ്രഖ്യാപിത ലക്ഷ്യങ്ങളുമായി ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോകാൻ മോദിക്ക് സാധിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. വിശാലവും വൈവിധ്യപൂർണ്ണവുമായ ഭാരതത്തെ ഒരു ജനാധിപത്യ റിപ്പബ്ലിക്കാക്കി മാറ്റിയതാണ് നെഹ്‌റുവിന്റെ ഏറ്റവും വലിയ നേട്ടമെന്ന് സ്മരിച്ച കരൺ സിങ്, നെഹ്‌റു തുടക്കമിട്ട എയിംസ്, ഐ.ഐ.ടി. തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം നരേന്ദ്ര മോദിയുടെ കാലത്ത് ഗണ്യമായി വർദ്ധിപ്പിക്കാൻ സാധിച്ചതായും ചൂണ്ടിക്കാട്ടി.
ജനാധിപത്യ ഭരണസംവിധാനം നിലനിർത്തിക്കൊണ്ട് രാജ്യത്ത് വികസനത്തിന്റെ പുതിയ അജൻഡ നടപ്പാക്കുന്നതിൽ പ്രധാനമന്ത്രി വിജയിച്ചതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഭരണകാലയളവിൽ നരേന്ദ്ര മോദി കൈക്കൊണ്ട ചില നിർണ്ണായക തീരുമാനങ്ങൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ടെന്നും കരൺ സിങ് തന്റെ കുറിപ്പിൽ പരാമർശിച്ചു. നോട്ട് അസാധുവാക്കൽ (ഡീമോണിറ്റൈസേഷൻ), ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കൽ എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്. എങ്കിലും പ്രതിസന്ധികൾക്കിടയിലും താൻ മുന്നോട്ടുവെച്ച വികസന ലക്ഷ്യങ്ങൾ ദൃഢനിശ്ചയത്തോടെ നടപ്പിലാക്കാൻ മോദിക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.





















