ഒട്ടാവ: കനത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും പ്രവർത്തനങ്ങൾ ആധുനികീകരിക്കുന്നതിനുമുള്ള പുനഃസംഘടനയുടെ ഭാഗമായി 4.85 ലക്ഷം വീടുകളിലേക്കുള്ള നേരിട്ടുള്ള ഹോം ഡെലിവറി തപാൽ വിതരണ സേവനം അവസാനിപ്പിക്കാൻ കാനഡ പോസ്റ്റ് തീരുമാനിച്ചു. ഈ വിലാസങ്ങളെല്ലാം 2027 മുതൽ ഘട്ടങ്ങളായി ‘കമ്മ്യൂണിറ്റി മെയിൽബോക്സ്’ സംവിധാനത്തിലേക്ക് മാറ്റും. രാജ്യത്തെ 37 കമ്മ്യൂണിറ്റികളിലായുള്ള വിവിധ പോസ്റ്റൽ കോഡുകളാണ് ഈ പുതിയ മാറ്റത്തിന് വിധേയമാകുന്നത്.
കഴിഞ്ഞ ഏപ്രിലിൽ പ്രഖ്യാപിച്ച 1.36 ലക്ഷം വിലാസങ്ങൾക്ക് പുറമെയാണിത്. നിലവിൽ കാനഡയിൽ നേരിട്ട് തപാൽ വിതരണം ലഭിക്കുന്ന 40 ലക്ഷം വിലാസങ്ങളെയും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പൂർണ്ണമായും കമ്മ്യൂണിറ്റി മെയിൽബോക്സുകളിലേക്ക് മാറ്റാനാണ് കാനഡ പോസ്റ്റിന്റെ പദ്ധതിയെന്ന് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ഓരോ വീട്ടുകാർക്കും പ്രത്യേകം പൂട്ടുകളുള്ള സുരക്ഷിതമായ അലുമിനിയം ബോക്സുകളായിരിക്കും കവലകളിൽ സ്ഥാപിക്കുക. ഈ പദ്ധതി പൂർണ്ണമായി നടപ്പിലാക്കുന്നതിലൂടെ പ്രതിവർഷം 400 മില്യൺ ഡോളറിന്റെ ചെലവ് ലാഭിക്കാനാകുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ.
നികുതിദായകർക്ക് അധിക സാമ്പത്തിക ബാധ്യത വരുത്താതെ കനേഡിയൻ ജനതയുടെ മാറിവരുന്ന ആവശ്യങ്ങൾക്കനുസരിച്ച് തപാൽ സേവനത്തെ നവീകരിക്കുന്നതിനാണ് ഈ നടപടി. നിലവിൽ കാനഡ പോസ്റ്റ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ 2025 സാമ്പത്തിക വർഷത്തിൽ നികുതിക്ക് മുൻപുള്ള കമ്പനിയുടെ നഷ്ടം 1.57 ബില്യൺ ഡോളറിലെത്തിയിരുന്നു. ഫെഡറൽ ഗവൺമെന്റ് നൽകിയ 2 ബില്യൺ ഡോളറിന്റെ അടിയന്തിര വായ്പാ സഹായത്തോടെയാണ് ഈ ദേശീയ തപാൽ സേവനം ഇപ്പോൾ കാനഡയിൽ പ്രവർത്തിക്കുന്നത്.
പുതിയ പ്രഖ്യാപനമനുസരിച്ച് ഒന്റാറിയോ (1.58 ലക്ഷം വിലാസങ്ങൾ), ക്യൂബെക്ക് (1.39 ലക്ഷം വിലാസങ്ങൾ) പ്രവിശ്യകളിലെ വീടുകളെയാണ് ഈ മാറ്റം ഏറ്റവും കൂടുതൽ ബാധിക്കുക. ഒന്റാറിയോയിലെ മിസിസാഗ, ബ്രാംപ്ടൺ, ഒട്ടാവ, ലണ്ടൻ, കിച്ചനർ തുടങ്ങിയ നഗരങ്ങളിലെ മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാർക്ക് ഇനി മെയിലുകൾ സ്വീകരിക്കാൻ കമ്മ്യൂണിറ്റി ബോക്സുകളെ ആശ്രയിക്കേണ്ടി വരും. നിലവിൽ കാനഡയിലെ ഏകദേശം 75 ശതമാനം വീടുകളും അപ്പാർട്ട്മെന്റ് ലോബി ബോക്സുകൾ വഴിയാണ് തപാൽ സ്വീകരിക്കുന്നത്. ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കായി ആഴ്ചയിൽ ഒരിക്കൽ വീട്ടുവാതിൽ വിതരണം തുടരുന്ന പ്രത്യേക സഹായ പദ്ധതിയും കാനഡ പോസ്റ്റ് ഉറപ്പുനൽകുന്നുണ്ട്.
Canada Post financial loss





















