Mapleton Township crash 5 children killed
കിച്നർ-വാട്ടർലൂ: കാനഡ ഒന്റാറിയോയിലെ ഗ്രാമീണ മേഖലയിലുണ്ടായ മാരകമായ ഇരുവാഹന അപകടത്തിൽ ഒരേ കുടുംബത്തിലെ അഞ്ച് കുട്ടികൾ ദാരുണമായി കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം 7.30-ഓടെ കിച്നർ-വാട്ടർലൂ നഗരത്തിന് വടക്കുപടിഞ്ഞാറുള്ള മാപ്പിൾട്ടൺ ടൗൺഷിപ്പിലെ ഫോർത്ത് ലൈൻ, വെല്ലിംഗ്ടൺ റോഡ് 12 ടൗണിലാണ് പത്ത് പേർ സഞ്ചരിച്ച പാസഞ്ചർ വാനും എസ്യുവി കാറും തമ്മിൽ അതിശക്തമായി കൂട്ടിയിടിച്ചത്.
അപകടത്തിൽ വാനിലുണ്ടായിരുന്ന 4 പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് മരണപ്പെട്ടതെന്ന് ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് വെസ്റ്റ് റീജിയൻ കമാൻഡർ ഡ്വൈറ്റ് തിബ് വാർത്താസമ്മേളനത്തിൽ സ്ഥിരീകരിച്ചു. നാല്, ആറ്, എട്ട്, പത്ത്, പന്ത്രണ്ട് വയസ്സ് പ്രായമുള്ള സഹോദരങ്ങളാണ് മരിച്ച അഞ്ച് കുട്ടികളും. അപകടത്തിൽ നിരവധി പേർ സംഭവസ്ഥലത്തു വെച്ചും ഒരു കുട്ടി ആശുപത്രിയിൽ വെച്ചുമാണ് മരണത്തിന് കീഴടങ്ങിയത്. കാനഡയിലെ എൽമിറ സ്വദേശികളായ ഒരു അമീഷ്-മെനോനൈറ്റ് വംശജരുടെ കുടുംബമാണ് ഈ വലിയ ദുരന്തത്തിന് ഇരയായതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വാനിലുണ്ടായിരുന്ന അഞ്ച് മാസം പ്രായമുള്ള ഒരു കുഞ്ഞും കുട്ടികളുടെ മാതാപിതാക്കളും മുത്തശ്ശനും മുത്തശ്ശിയുമടങ്ങുന്ന നാല് മുതിർന്നവരും അതീവ ഗുരുതരമായ പരിക്കുകളോടെ വിവിധ ട്രോമ കെയർ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ അമ്മ ഉൾപ്പെടെ രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. അപകടമുണ്ടാക്കിയ എസ്യുവി കാറിന്റെ ഡ്രൈവറായ യുവാവും ഇരു കാലുകളും ഒടിഞ്ഞ നിലയിൽ ഹാമിൽട്ടണിലെ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടസ്ഥലത്ത് ഒരേസമയം വലിയ രീതിയിലുള്ള രക്ഷാപ്രവർത്തനം ആവശ്യമായി വന്നതിനാൽ മൂന്ന് എയർ ആംബുലൻസുകൾ ഉപയോഗിച്ചാണ് പരിക്കേറ്റവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റിയത്.
നാടിനെ നടുക്കിയ ഈ ദാരുണമായ ദുരന്തത്തിൽ ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് അതീവ ദുഃഖം രേഖപ്പെടുത്തി. ഊഹിക്കാൻ പോലുമാകാത്ത വലിയൊരു നഷ്ടമാണ് ഈ കുടുംബത്തിനും പ്രവിശ്യയ്ക്കും ഉണ്ടായിരിക്കുന്നതെന്നും ദുരന്തത്തിൽ തകർന്ന കുടുംബാംഗങ്ങളെയും കമ്മ്യൂണിറ്റിയെയും ഈ കഠിനമായ സമയത്ത് ഒന്നിച്ച് ചേർത്തുപിടിക്കണമെന്നും അദ്ദേഹം എക്സ് (X) കുറിപ്പിലൂടെ അഭ്യർത്ഥിച്ചു. അപകടം നടന്ന കവലയിൽ സ്റ്റോപ്പ് സൈൻ മറികടന്ന് വന്നതാണോ അതോ അമിതവേഗതയാണോ അപകടകാരണമെന്ന് കണ്ടെത്താൻ ഒപിപി ട്രാഫിക് ഇൻസിഡന്റ് മാനേജ്മെന്റ് എൻഫോഴ്സ്മെന്റ് സംഘം വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kitchener Waterloo car accident






















