Kerala KSRTC women free travel
തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകൾക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ‘പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി’ നാളെ (ജൂൺ 15) മുതൽ പ്രാബല്യത്തിൽ വരും. ഇതിന്റെ ഭാഗമായി യാത്രക്കാർ പാലിക്കേണ്ട സുപ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ കെഎസ്ആർടിസി ഔദ്യോഗികമായി പുറത്തുവിട്ടു. തിങ്കളാഴ്ച രാവിലെ 8.30-ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കും. അതിനുശേഷം രാവിലെ 9.00 മണി മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് ‘സീറോ ടിക്കറ്റ്’ ലഭ്യമായി തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
യാത്രക്കാർക്കായി കെഎസ്ആർടിസി പുറപ്പെടുവിച്ച പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:
-
ഉദ്ഘാടനത്തിന് മുൻപ് സൗജന്യമില്ല: നാളെ രാവിലെ 9.00 മണിക്ക് മുൻപായി ബസുകളിൽ കയറുന്ന വനിതാ യാത്രക്കാർക്ക് സൗജന്യ നിരക്ക് ലഭ്യമാകില്ല. അവർ സാധാരണ പോലെ പണം നൽകി ടിക്കറ്റ് എടുക്കേണ്ടതാണ്.
-
‘സീറോ ടിക്കറ്റ്’ നിർബന്ധം: സൗജന്യ യാത്രയാണെങ്കിലും സാധാരണ ടിക്കറ്റ് എടുക്കുന്നതുപോലെ കണ്ടക്ടറോട് ഇറങ്ങേണ്ട സ്ഥലം കൃത്യമായി പറഞ്ഞ് ‘0’ രൂപയുടെ ടിക്കറ്റ് കൈപ്പറ്റേണ്ടതാണ്. യാത്രക്കാരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്താൻ വേണ്ടിയാണിത്.
-
ബസുകൾ തിരിച്ചറിയാം: സ്ത്രീകൾക്ക് പൂർണ്ണമായും സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള ഓർഡിനറി, സിറ്റി സർവീസ് ബസുകളുടെ മുന്നിലും പിന്നിലും ‘പ്രിയദർശിനി’ എന്ന പ്രത്യേക സ്റ്റിക്കറുകൾ പതിച്ചിട്ടുണ്ടാകും.
-
കുട്ടികൾക്കുള്ള ടിക്കറ്റ് നിരക്ക്: യാത്ര ചെയ്യുന്ന സ്ത്രീകളുടെ കൂടെ 5 മുതൽ 11 വയസ്സുവരെയുള്ള ആൺകുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് പണം നൽകിയുള്ള ഹാഫ് ടിക്കറ്റ് (Half Ticket) നിർബന്ധമായും എടുക്കേണ്ടതാണ്. പെൺകുട്ടികൾക്ക് പൂർണ്ണ സൗജന്യമായിരിക്കും.
-
കുടുംബമായി യാത്ര ചെയ്യുമ്പോൾ: പുരുഷന്മാർ കൂടെയുണ്ടെങ്കിൽ ടിക്കറ്റ് മെഷീനിൽ എൻട്രി രേഖപ്പെടുത്തുന്നതിന് മുൻപ് തന്നെ ആ വിവരം കണ്ടക്ടറെ അറിയിക്കണം. പുരുഷന്മാരാണ് ടിക്കറ്റ് എടുക്കുന്നതെങ്കിലും കൂടെയുള്ള വനിതകളുടെ വിവരം മുൻകൂട്ടി പറയണം.
-
ലഗേജ് ആനുകൂല്യം: സൗജന്യ യാത്ര നടത്തുന്ന സ്ത്രീകൾക്ക് നിലവിൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിലുള്ള നിയമപ്രകാരം 15 കിലോ വരെയുള്ള ലഗേജുകൾ പൂർണ്ണമായും സൗജന്യമായി കൊണ്ടുപോകാം.
-
ഇറങ്ങുന്ന സ്ഥലം മാറിയാൽ: ഏതെങ്കിലും സാഹചര്യത്തിൽ ടിക്കറ്റ് എടുത്ത സ്റ്റോപ്പ് കഴിഞ്ഞാണ് ഇറങ്ങേണ്ടതെങ്കിലോ, അതിന് മുൻപേ ഇറങ്ങുകയാണെങ്കിലോ ആ വിവരം കൃത്യമായി കണ്ടക്ടറെ അറിയിച്ച് ടിക്കറ്റിൽ മാറ്റം വരുത്തണം.




















