Miguel Almiron red card FIFA World Cup
ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഇന്നേവരെ ആരും നേരിട്ടിട്ടില്ലാത്ത ഒരു അപൂർവ്വ റെക്കോർഡുമായി പരാഗ്വേ മിഡ്ഫീൽഡർ മിഗ്വൽ അൽമിറോൺ പുറത്ത്. കളിക്കളത്തിൽ വായ പൊത്തി സംസാരിച്ചതിനാണ് താരത്തിന് റഫറി നേരിട്ട് ചുവപ്പ് കാർഡ് നൽകിയത്. വെള്ളിയാഴ്ച രാത്രി തുർക്കിക്കെതിരെ നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിനിടയിലായിരുന്നു നാടകീയമായ ഈ സംഭവം അരങ്ങേറിയത്. ഈ കുറ്റത്തിന് ലോകകപ്പിൽ ഒരു കളിക്കാരൻ പുറത്താകുന്നത് ഇതാദ്യമാണ്.
മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെയായിരുന്നു അൽമിറോൺ പുറത്തുപോയത്. ഈ സമയം പരാഗ്വേ ഒരു ഗോളിന് മുന്നിലായിരുന്നു. തുർക്കി ഡിഫൻഡർ മെർട്ട് മൾഡറുമായി കളത്തിൽ വെച്ച് തർക്കിക്കുന്നതിനിടെയാണ് അൽമിറോൺ തന്റെ കൈകൊണ്ട് വായ മറച്ചുപിടിച്ച് സംസാരിച്ചത്. പരാഗ്വേ താരം ഫിഫയുടെ പുതിയ നിയമം ലംഘിച്ചതായി മൾഡർ ഉടൻ തന്നെ റഫറിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ഗ്രൗണ്ടിലെ വാർ (VAR) മോണിറ്ററിലൂടെ ദൃശ്യങ്ങൾ കൃത്യമായി പരിശോധിച്ച ശേഷമാണ് റഫറി അൽമിറോണിന് നേരെ ചുവപ്പ് കാർഡ് ഉയർത്തിയത്. ഇതോടെ രണ്ടാം പകുതി മുഴുവൻ 10 പേരുമായാണ് പരാഗ്വേയ്ക്ക് കളിക്കേണ്ടി വന്നത്.
എന്താണ് ഈ പുതിയ നിയമത്തിന് പിന്നിൽ?
കളിക്കളത്തിൽ താരങ്ങൾ തമ്മിലുള്ള തർക്കങ്ങൾക്കിടയിൽ വായ പൊത്തി സംസാരിക്കുന്നത് തടയാൻ ഫിഫ ഈ ലോകകപ്പിലാണ് പുതിയ കടുത്ത നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ചാമ്പ്യൻസ് ലീഗ് പോരാട്ടമാണ് ഫിഫയെ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് നയിച്ചത്. അന്ന് റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിനെതിരെ ബെൻഫിക്കയുടെ ജിയാൻലൂക്ക പ്രെസ്റ്റിയാനി തന്റെ ജേഴ്സി കൊണ്ട് വായ മറച്ചുപിടിച്ച് വംശീയ അധിക്ഷേപം നടത്തിയതായി പരാതി ഉയർന്നിരുന്നു. എന്നാൽ വായ മറച്ചതിനാൽ പ്രെസ്റ്റിയാനി എന്താണ് പറഞ്ഞതെന്ന് കൃത്യമായി കണ്ടെത്താൻ അധികൃതർക്കോ ക്യാമറകൾക്കോ സാധിച്ചില്ല.
ഇത്തരം വംശീയ അധിക്ഷേപങ്ങളും മോശം പരാമർശങ്ങളും ക്യാമറകളിൽ നിന്നും ലിപ് റീഡിംഗിൽ നിന്നും ഒളിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കാനാണ് ഫിഫ നിയമം കർശനമാക്കിയത്. തർക്ക സാഹചര്യങ്ങളിൽ വായ മറച്ചുപിടിക്കുന്ന കളിക്കാരെ നേരിട്ട് പുറത്താക്കാനുള്ള പൂർണ്ണ അധികാരം ഇതോടെ റഫറിമാർക്ക് ലഭിക്കുകയായിരുന്നു.



















