Kaitlin Jeffrey exosome burn treatment
ലണ്ടൻ : കാനഡയിലെ വെസ്റ്റേൺ യൂണിവേഴ്സിറ്റി ഫ്രാറ്റ് ഹൗസിലുണ്ടായ തീപിടിത്തത്തിൽ മുഖത്തിന് ഗുരുതരമായി പൊള്ളലേറ്റ വിദ്യാർത്ഥിനിക്ക് വിപ്ലവകരമായ പുതിയ ബയോളജിക്കൽ ചികിത്സ. ഒന്റാറിയോയിലെ ഹാമിൽട്ടൺ ഹെൽത്ത് സയൻസസിലെ വിദഗ്ധരാണ് ലോകത്താദ്യമായി ഈ അത്യാധുനിക ചികിത്സ വിജയകരമായി നടപ്പാക്കിയത്. ടൊറന്റോ സ്വദേശിയായ പതിനെട്ടുകാരി കൈറ്റ്ലിൻ ജെഫ്രിക്കാണ് ഈ അപൂർവ്വ ഭാഗ്യം ലഭിച്ചത്.
കഴിഞ്ഞ വർഷം ഡിസംബറിലാണ് ലണ്ടനിലെ റിച്ച്മണ്ട് സ്ട്രീറ്റിലുള്ള പൈ കാപ്പ ആൽഫ ഫ്രാറ്റ് ഹൗസിൽ തീപിടിത്തമുണ്ടായത്. കത്തുന്ന പന്തത്തിലേക്ക് മദ്യം ഒഴിച്ചതിനെത്തുടർന്ന് പടർന്ന തീയിൽ കൈറ്റ്ലിന്റെ മുഖത്തിനും മുടിക്കും ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു. തുടർന്ന് ലണ്ടൻ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഹാമിൽട്ടൺ ബേൺ യൂണിറ്റിലേക്ക് മാറ്റി.
യുവതിയുടെ മുഖത്തെയും കഴുത്തിലെയും ചർമ്മം സാധാരണ നിലയിലാക്കാൻ ഡോ. മാർക്ക് ജെഷ്കെയുടെ നേതൃത്വത്തിലുള്ള സംഘം ‘എക്സോസോം’ ചികിത്സയാണ് തിരഞ്ഞെടുത്തത്. ഇതിനായി ഹെൽത്ത് കാനഡയിൽ നിന്ന് അടിയന്തര അനുമതിയും വാങ്ങിയിരുന്നു. കോശങ്ങൾ പുറപ്പെടുവിക്കുന്ന സൂക്ഷ്മ കണങ്ങളായ എക്സോസോമുകൾ ഉപയോഗിച്ച് മുറിവുകൾ അതിവേഗം ഉണക്കാനും വീക്കം കുറയ്ക്കാനും ഈ ചികിത്സയിലൂടെ സാധിക്കും.
പരമ്പരാഗതമായി ചെയ്യുന്ന സ്കിൻ ഗ്രാഫ്റ്റിങ് ശസ്ത്രക്രിയയ്ക്ക് പകരം അമേരിക്കയിൽ നിന്നെത്തിച്ച ഒരു ട്രില്യൺ എക്സോസോമുകളാണ് യുവതിയുടെ മുഖത്ത് കുത്തിവെച്ചത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ രണ്ട് ഘട്ടങ്ങളായാണ് ഈ ചികിത്സ പൂർത്തിയാക്കിയത്. സാധാരണ പ്ലാസ്റ്റിക് സർജറിയേക്കാൾ വളരെ വേഗത്തിലും പാടുകൾ അവശേഷിപ്പിക്കാതെയും മുഖം പഴയപടിയാക്കാൻ ഇതിലൂടെ സാധിച്ചതായി ഡോക്ടർമാർ വ്യക്തമാക്കി.

തന്റെ മുഖം പൂർണ്ണമായും പഴയ നിലയിലായതിൽ അതിയായ സന്തോഷമുണ്ടെന്നും ഇതൊരു അത്ഭുതമാണെന്നും കൈറ്റ്ലിൻ ജെഫ്രി പ്രതികരിച്ചു. തീപിടിത്തം തന്റെ മാനസികാരോഗ്യത്തെ ബാധിച്ചിരുന്നുവെന്നും എന്നാൽ ഈ മികച്ച ഫലം ജീവിതത്തിലേക്ക് തിരിച്ചുവരാൻ സഹായിച്ചുവെന്നും യുവതി കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ ലോകമെമ്പാടുമുള്ള പൊള്ളലേറ്റ രോഗികൾക്ക് ഈ എക്സോസോം തെറാപ്പി പുതിയൊരു പ്രത്യാശയായി മാറുമെന്നാണ് മെഡിക്കൽ ലോകത്തിന്റെ വിലയിരുത്തൽ.



















