Canadian criminal law updates
ഒട്ടാവ: കാനഡയിലെ ക്രിമിനൽ നിയമ വ്യവസ്ഥയിൽ വലിയ പരിഷ്കാരങ്ങൾ കൊണ്ടുവരുന്ന ‘ബിൽ സി-14’ നിയമം പാസായി. ജാമ്യ-ശിക്ഷാ പരിഷ്കരണ നിയമത്തിന് (Bail and Sentencing Reform Act) റോയൽ അസെന്റ് ലഭിച്ചു. പുതിയ നിയമങ്ങൾ 2026 ജൂലൈ 15 മുതൽ പൂർണ്ണതോതിൽ പ്രാബല്യത്തിൽ വരും. പൊതുജന സുരക്ഷ ഉറപ്പാക്കാനും കുറ്റകൃത്യങ്ങൾ കുറയ്ക്കാനുമാണ് ഈ ഭേദഗതികൾ.
പുതിയ നിയമം നടപ്പിലാകുന്നതോടെ പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത് കൂടുതൽ ദുഷ്കരമാകും. അക്രമാസക്തരായ കുറ്റവാളികൾക്ക് ജാമ്യം നൽകുന്നതിന് ‘റിവേഴ്സ് ഓണസ്’ വ്യവസ്ഥ കൊണ്ടുവരുന്നു. ഇനി മുതൽ തങ്ങൾക്ക് ജാമ്യം നൽകണമെന്ന് പ്രതികൾ കോടതിയിൽ തെളിയിക്കേണ്ടി വരും. മുൻപ് പ്രോസിക്യൂഷനായിരുന്നു ജാമ്യം നിഷേധിക്കാനുള്ള കാരണങ്ങൾ തെളിയിക്കേണ്ടിയിരുന്നത്.
മോഷണം, മാരകമായ ഭവനഭേദനം തുടങ്ങിയവയ്ക്ക് കടുപ്പമേറിയ തുടർച്ചയായ ശിക്ഷകൾ നിർബന്ധമാക്കും. ലൈംഗിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ഇനി മേൽ വീട്ടുതടങ്കൽ അനുവദിക്കില്ല. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കളുടെ വിവരങ്ങൾ പുറത്തുവിടാൻ പോലീസിന് അധികാരമുണ്ടാകും. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പ്രവാസികളുടെ കാനഡയിലെ കുടിയേറ്റ പദവിയേയും ഈ നിയമം ബാധിച്ചേക്കാം.
നിയമം നടപ്പിലാക്കുന്നതിനായി ഫെഡറൽ സർക്കാർ പ്രവിശ്യകൾക്ക് പ്രത്യേക സാമ്പത്തിക സഹായം നൽകുന്നുണ്ട്. ജുഡീഷ്യറിയിലും പോലീസ് സംവിധാനത്തിലും മാറ്റങ്ങൾ വരുത്താൻ 30 ദിവസത്തെ സമയമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് നിയമവിദഗ്ധരുടെ കൃത്യമായ ഉപദേശം തേടുന്നത് ഉചിതമായിരിക്കും.




















