Canada healthcare crisis
ടൊറന്റോ: കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലുടനീളമുള്ള ആശുപത്രികളിലെ അടിയന്തര ചികിത്സാ വിഭാഗങ്ങൾ അതീവ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഒന്റാറിയോ മെഡിക്കൽ അസോസിയേഷൻ പുറത്തുവിട്ട ഒടുവിലത്തെ സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എമർജൻസി റൂമുകളിലെ അമിതമായ തിരക്ക് രോഗികൾക്ക് യഥാസമയം മികച്ച രീതിയിൽ ചികിത്സ ലഭ്യമാക്കുന്നതിന് വലിയ തടസ്സമാകുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. വരാനിരിക്കുന്ന തിരക്കേറിയ വേനൽക്കാല സീസണിന് മുന്നോടിയായി പ്രവിശ്യയിലെ ആരോഗ്യസംവിധാനം നേരിടുന്ന വലിയൊരു മുന്നറിയിപ്പാണിത്.
സർവേയിൽ പങ്കെടുത്ത 74 ശതമാനം ഡോക്ടർമാരും തങ്ങൾ ജോലി ചെയ്യുന്ന ആശുപത്രികളിലെ തിരക്ക് ഗുരുതരമായ അവസ്ഥയിലാണെന്ന് വ്യക്തമാക്കി. ഈ അമിത തിരക്ക് കാരണം മിക്ക ഷിഫ്റ്റുകളിലും രോഗികൾക്ക് കൃത്യസമയത്ത് അടിയന്തര പരിചരണം നൽകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. നിലവിലെ കണക്കുകൾ പ്രകാരം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന ഒരു രോഗി എമർജൻസി വിഭാഗത്തിൽ മാത്രം ശരാശരി 17.2 മണിക്കൂറോളം ചിലവഴിക്കേണ്ടി വരുന്നുണ്ട്. പ്രവിശ്യയിലെ എമർജൻസി റൂമുകളിലെ അമിത തിരക്ക് കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ഭൂരിഭാഗം ജനങ്ങളും അഭിപ്രായപ്പെടുന്നു.
എന്നാൽ ഈ ആരോപണങ്ങളെ ഒന്റാറിയോ ആരോഗ്യ മന്ത്രാലയം പൂർണ്ണമായി തള്ളിക്കളഞ്ഞു. ആരോഗ്യ മേഖലയുടെ പുരോഗതിക്കായി ഈ വർഷം മാത്രം 101 ബില്യൺ ഡോളറാണ് ഒന്റാറിയോ സർക്കാർ നീക്കിവെച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി ഹോസ്പിറ്റൽ മേഖലയ്ക്ക് തുടർച്ചയായി നാല് ശതമാനം വീതം ഫണ്ടിങ് വർദ്ധനവ് നൽകുന്നുണ്ട്. 2018-ന് ശേഷം ആശുപത്രികളിലെ മൊത്തം നിക്ഷേപം 50 ശതമാനത്തിലധികം വർദ്ധിപ്പിച്ചതായും സർക്കാർ അവകാശപ്പെടുന്നു.
പ്രവിശ്യയിലുടനീളമുള്ള ആശുപത്രികളിൽ 50 പുതിയ സ്കാൻ മെഷീനുകൾ സ്ഥാപിക്കുകയും 3,500 പുതിയ കിടക്കകൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം 20,000 പുതിയ ഡോക്ടർമാരെയും ഒരു ലക്ഷത്തോളം നഴ്‌സുമാരെയും ഈ കാലയളവിൽ പുതുതായി നിയമിച്ചു. എങ്കിലും പ്രവിശ്യയിലെ അടിസ്ഥാന സൗകര്യങ്ങളിലെ വർദ്ധനവ് രോഗികളുടെ തിരക്കിനെ നേരിടാൻ അപര്യാപ്തമാണെന്നാണ് ഫീൽഡിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Canada healthcare crisis



















