Canada Post CUPW collective agreement
ഒട്ടാവ: കാനഡയിലെ പൊതു തപാൽ സേവന ശൃംഖലയായ കാനഡ പോസ്റ്റും തപാൽ ജീവനക്കാരുടെ സംഘടനയായ സി.യു.പി.ഡബ്ല്യുവും (CUPW) പുതിയ അഞ്ച് വർഷത്തെ കൂട്ടായ തൊഴിൽ കരാറുകളിൽ ഔദ്യോഗികമായി ഒപ്പുവെച്ചു. രണ്ടു വർഷത്തിലധികമായി ഇരുവിഭാഗങ്ങളും തമ്മിൽ നിലനിന്നിരുന്ന തർക്കങ്ങൾക്കും പണിമുടക്കുകൾക്കും ഇതോടെ പൂർണ്ണമായ പരിഹാരമായി. അർബൻ, റൂറൽ, സബർബൻ തപാൽ ജീവനക്കാരുടെ വിഭാഗങ്ങൾക്കായി തയ്യാറാക്കിയ ഈ പുതിയ കരാറുകൾക്ക് 2029 ജനുവരി 31 വരെ പ്രാബല്യമുണ്ടാകും.
കരാർ അംഗീകരിക്കുന്നതിനായി യൂണിയൻ പ്രതിനിധികൾക്കിടയിൽ നടത്തിയ വോട്ടെടുപ്പിൽ ഭൂരിഭാഗം ജീവനക്കാരും അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. അർബൻ വിഭാഗത്തിൽ നിന്നുള്ള വോട്ടുകളിൽ 89 ശതമാനവും റൂറൽ-സബർബൻ വിഭാഗത്തിൽ നിന്നുള്ള വോട്ടുകളിൽ 85.9 ശതമാനവും കരാറിനെ പിന്തുണച്ചു. ഈ പുതിയ ധാരണയനുസരിച്ച് കാനഡ പോസ്റ്റ് ജീവനക്കാർക്ക് ആദ്യവർഷം 6.5 ശതമാനവും രണ്ടാം വർഷം 3 ശതമാനവും ശമ്പള വർദ്ധനവ് ലഭിക്കും. തുടർന്നുള്ള വർഷങ്ങളിൽ രാജ്യത്തെ പണപ്പെരുപ്പ നിരക്കിന് അനുസരിച്ചായിരിക്കും ശമ്പള പരിഷ്കരണം. കൂടാതെ മെച്ചപ്പെട്ട ആരോഗ്യ ആനുകൂല്യങ്ങളും തൊഴിൽ സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്.
സ്വകാര്യ കൊറിയർ കമ്പനികളിൽ നിന്നുള്ള കടുത്ത മത്സരവും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന കാനഡ പോസ്റ്റിനെ ലാഭത്തിലേക്ക് തിരികെ കൊണ്ടുവരാൻ പുതിയ കരാറിലെ മാറ്റങ്ങൾ സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കുറഞ്ഞ ചിലവിലുള്ള വീക്കെൻഡ് പാഴ്സൽ ഡെലിവറി ഉൾപ്പെടെയുള്ള വിപ്ലവകരമായ പരിഷ്കാരങ്ങൾ ഇതിന്റെ ഭാഗമായി നടപ്പിലാക്കും. കാനഡ പോസ്റ്റിനെ സാമ്പത്തികമായി നിലനിർത്താനും ആധുനിക രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാനും പുതിയ കരാറുകൾ അത്യന്താപേക്ഷിതമാണെന്ന് കാനഡ പോസ്റ്റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.



















