Air India latest news
ആഗോള വിപണിയിൽ വിമാന ഇന്ധന വില കുതിച്ചുയരുന്നതിനെത്തുടർന്ന് രാജ്യാന്തര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ. അടുത്ത മൂന്ന് മാസത്തേക്ക് പ്രതിദിനം നൂറോളം സർവീസുകളാണ് കുറയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഡൽഹിയിൽ നിന്ന് ചിക്കാഗോ, സിംഗപ്പൂർ, ഷാങ്ഹായ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ പൂർണ്ണമായും നിർത്തിവെച്ചു. സാൻ ഫ്രാൻസിസ്കോ, പാരീസ്, ടൊറന്റോ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള വിമാനങ്ങളുടെ എണ്ണത്തിലും കുറവ് വരുത്തിയിട്ടുണ്ട്.
എയർ ഇന്ത്യ സർവീസ്; പ്രതിസന്ധിക്ക് പിന്നിലെ കാരണങ്ങൾ
ഇന്ധനവിലയിലെ അമിതമായ വർധനവാണ് ഈ കടുത്ത തീരുമാനത്തിന് പിന്നിലെ പ്രധാന ഘടകമെന്ന് അധികൃതർ വ്യക്തമാക്കുന്നു. പല വിദേശ റൂട്ടുകളും നിലവിൽ കനത്ത നഷ്ടത്തിലാണ് സർവീസ് നടത്തുന്നത്. പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് വ്യോമപാതകൾ അടച്ചതും തിരിച്ചടിയായി. യുദ്ധസമാനമായ സാഹചര്യങ്ങൾ കാരണം സുരക്ഷിതമായ ആകാശ പാതകൾ തിരഞ്ഞെടുക്കുമ്പോൾ വിമാനങ്ങൾ ദീർഘദൂര പാതകളിലൂടെ ചുറ്റിക്കറങ്ങി പോകേണ്ടി വരുന്നത് ഇന്ധന ഉപഭോഗവും ചെലവും വലിയ രീതിയിൽ വർദ്ധിപ്പിച്ചു.
സിഇഒയുടെ പ്രതികരണം
സാഹചര്യങ്ങൾ ഉടൻ അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നതായി എയർ ഇന്ത്യ സിഇഒയും മാനേജിങ് ഡയറക്ടറുമായ കാംബെൽ വിൽസൺ നേരത്തെ വ്യക്തമാക്കിയിരുന്നു. ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്നും പശ്ചിമേഷ്യയിലെ പ്രതിസന്ധികൾക്ക് ഉടൻ അറുതിയാകുമെന്നുമാണ് കമ്പനിയുടെ കണക്കുകൂട്ടൽ. സർവീസുകൾ കുറയ്ക്കുന്നത് യാത്രക്കാർക്കുണ്ടാക്കുന്ന ബുദ്ധിമുട്ടിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. ആഗോള സാഹചര്യം മെച്ചപ്പെടുന്നതനുസരിച്ച് വെട്ടിക്കുറച്ച സർവീസുകൾ എത്രയും വേഗം പുനഃസ്ഥാപിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു.

























