എഡ്മണ്ടനിലെ പ്രമുഖ ആശുപത്രിയായ റോയൽ അലക്സാണ്ട്ര ഹോസ്പിറ്റലിൽ അടിയന്തിര ചികിത്സയ്ക്കായി കാത്തിരുന്ന രോഗി മതിയായ പരിചരണം ലഭിക്കുന്നതിന് മുൻപ് മരണമടഞ്ഞതായി ആൽബർട്ട മെഡിക്കൽ അസോസിയേഷൻ (AMA) സ്ഥിരീകരിച്ചു. മെയ് 8-ന് ആശുപത്രിയിലെത്തിയ രോഗിക്ക് പ്രാരംഭ പരിശോധനകൾ നൽകിയെങ്കിലും എമർജൻസി വാർഡിൽ സ്ട്രെച്ചറുകളുടെയും കിടക്കകളുടെയും ക്ഷാമം മൂലം മണിക്കൂറുകളോളം വെയിറ്റിംഗ് റൂമിൽ തുടരേണ്ടി വരികയും തുടര്ന്ന് മരണപ്പെടുകയുമായിരുന്നു. പ്രവിശ്യയിലെ ആരോഗ്യസംവിധാനങ്ങൾ നേരിടുന്ന കടുത്ത സമ്മർദ്ദത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് ഈ ദാരുണ സംഭവമെന്ന് എ.എം.എ പ്രസിഡന്റ് ഡോ. ബ്രയാൻ വിർസ്ബ ശനിയാഴ്ച മാധ്യമങ്ങളോട് വ്യക്തമാക്കി.
ആൽബർട്ട ഹെൽത്ത് സർവീസസ് (AHS) ഈ സംഭവത്തിൽ അടിയന്തിര ക്വാളിറ്റി അഷ്വറൻസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെങ്കിലും, രോഗിയുടെ സ്വകാര്യത മാനിച്ചു കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ തയ്യാറായിട്ടില്ല. കഴിഞ്ഞ ഡിസംബറിൽ എഡ്മണ്ടനിലെ തന്നെ ഗ്രേ നൺസ് കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ നെഞ്ചുവേദനയുമായി എത്തിയ പ്രശാന്ത് ശ്രീകുമാർ എന്ന 44-കാരനായ മലയാളി അക്കൗണ്ടന്റ് എട്ട് മണിക്കൂറോളം കാത്തിരുന്ന ശേഷം ഹൃദയാഘാതം മൂലം മരണമടഞ്ഞത് വലിയ വാർത്തയായിരുന്നു. പ്രശാന്തിന്റെ മരണത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച പ്രവിശ്യാ സർക്കാർ, അടിയന്തിര വിഭാഗങ്ങളിൽ ഡോക്ടർമാരുടെ നേതൃത്വത്തിൽ രോഗനിർണ്ണയ മുൻഗണന നിശ്ചയിക്കുന്ന പ്രത്യേക ‘ട്രയാഷ്’ (Triage) പദ്ധതി നടപ്പിലാക്കുമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും പുതിയ മരണത്തിലൂടെ ഈ സംവിധാനങ്ങൾ ഇനിയും പൂർണ്ണതോതിൽ പ്രവർത്തനസജ്ജമായിട്ടില്ലെന്ന് വ്യക്തമാകുന്നു.
കനേഡിയൻ പൊതുജനാരോഗ്യ സംവിധാനങ്ങളുടെ (Universal Healthcare) മികച്ച ഗുണനിലവാരം കണക്കിലെടുത്താണ് ഭൂരിഭാഗം പ്രവാസികളും ഇവിടേക്ക് കുടിയേറുന്നത് എന്നതിനാൽ, പ്രവിശ്യാ വ്യത്യാസമന്യേ കാനഡയിലുടനീളം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഇത്തരം സംഭവങ്ങൾ മലയാളി സമൂഹത്തിനിടയിൽ വലിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും രോഗികളെ ഡിസ്ചാർജ് ചെയ്ത ശേഷം പുനരധിവസിപ്പിക്കാനുള്ള കമ്മ്യൂണിറ്റി കെയർ സംവിധാനങ്ങളുടെ കുറവുമാണ് ആശുപത്രികളിൽ വെയിറ്റിംഗ് സമയം വർദ്ധിക്കാനും അടിയന്തിര വിഭാഗങ്ങൾ നിശ്ചലമാകാനും പ്രധാന കാരണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
ആൽബർട്ടയിലെയും കാനഡയിലെയും മറ്റ് പ്രവിശ്യകളിലെയും ഹെൽത്ത് കെയർ സംവിധാനങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ താഴെ പറയുന്നവയാണ്:
-
അടിയന്തിര വിഭാഗങ്ങളിൽ ആവശ്യത്തിന് ബെഡ്ഡുകളോ സ്ട്രെച്ചറുകളോ ഇല്ലാത്തതുമൂലം രോഗികളെ പ്രവേശിപ്പിക്കാൻ കഴിയാത്ത അവസ്ഥ.
-
ജനുവരി മാസത്തിൽ മാത്രം രണ്ടാഴ്ചയ്ക്കുള്ളിൽ ആറ് രോഗികൾ ചികിത്സ കിട്ടാതെ മരിച്ചതായും മുപ്പതോളം പേർ മരണവക്കിൽ നിന്ന് രക്ഷപെട്ടതായും മെഡിക്കൽ അസോസിയേഷൻ ചൂണ്ടിക്കാണിക്കുന്നു.
-
രോഗികളുടെ കടുത്ത തിരക്കും ജീവനക്കാരുടെ കുറവും മൂലം ഫ്രണ്ട്-ലൈൻ ആരോഗ്യപ്രവർത്തകർ നേരിടുന്ന കടുത്ത മാനസിക സമ്മർദ്ദം.
-
ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ട്രയാഷ് സംവിധാനം നടപ്പിലാക്കുന്നതിനുള്ള കരാറുകളിലും സർക്കാർ തലത്തിലുള്ള ചർച്ചകളിലും ഉണ്ടാകുന്ന കാലതാമസം.
ആശുപത്രികളിലെ തിരക്ക് കുറയ്ക്കുന്നതിനും രോഗികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും സ്റ്റേഹോൾഡർമാരും സർക്കാരും അടിയന്തിരമായി ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ഡോ. ബ്രയാൻ വിർസ്ബ ആവശ്യപ്പെട്ടു. വരും മാസങ്ങളിൽ തർക്കങ്ങൾക്ക് പരിഹാരമാകുമെന്നും കൂടുതൽ ഫിസിഷ്യൻമാരെ ഉൾപ്പെടുത്തിക്കൊണ്ട് അടിയന്തിര വിഭാഗങ്ങൾ നവീകരിക്കാൻ സാധിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഈ ദാരുണ സംഭവങ്ങൾക്കിടയിലും ഭൂരിഭാഗം രോഗികൾക്കും കൃത്യമായ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും അത്യാഹിത ഘട്ടങ്ങളിൽ ജനങ്ങൾ ആശുപത്രികളിൽ എത്തുന്നതിൽ നിന്ന് പിന്തിരിയരുതെന്നും അധികൃതർ കൂട്ടിച്ചേർത്തു





















