സാവോ പോളോ: ബ്രസീലിൽ ബഞ്ചി ജമ്പിങ്ങിനിടെ സുരക്ഷാ റോപ്പ് ശരീരത്തിൽ ഘടിപ്പിക്കാൻ മറന്ന ജീവനക്കാർ 21-കാരിയെ പാലത്തിൽ നിന്നും താഴേക്ക് എറിഞ്ഞു. 130 അടി താഴ്ചയിലുള്ള പാറക്കെട്ടിലേക്ക് വീണ് യുവതി സംഭവസ്ഥലത്തു വെച്ചുതന്നെ ദാരുണമായി മരണപ്പെട്ടു. ബ്രസീലിലെ സാവോ പോളോ പ്രവിശ്യയിലെ ലിമേരയിലുള്ള പ്രശസ്തമായ ‘സ്കെലറ്റൻ ബ്രിഡ്ജിൽ’ കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ലോകത്തെ ഞെട്ടിച്ച ഈ വൻ ദുരന്തം ഉണ്ടായത്. ശാരീരിക വിദ്യാഭ്യാസ-സ്പോർട്സ് മാനേജ്മെന്റ് ബിരുദധാരിയായ മരിയ എഡ്വേർഡ റോഡ്രിഗസ് ഡി ഫ്രെitas (21) ആണ് മരിച്ചത്.
അപകടത്തിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘എൻട്രെ കോർദാസ്’ എന്ന സ്വകാര്യ കമ്പനിയാണ് ഇവിടെ സാഹസിക വിനോദം സംഘടിപ്പിച്ചിരുന്നത്. വീഡിയോയിൽ രണ്ട് ജീവനക്കാർ ചേർന്ന് മരിയയെ കൈകളിലും കാലുകളിലും തിരശ്ചീനമായി പിടിച്ച് പ്ലാറ്റ്ഫോമിന്റെ അരികിലേക്ക് കൊണ്ടുപോകുന്നതും തുടർന്ന് താഴേക്ക് എറിയുന്നതും കാണാം. ഈ സമയം സുരക്ഷാ റോപ്പ് പാലത്തിൽ തന്നെ ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. യുവതിയെ താഴേക്ക് എറിഞ്ഞ തൊട്ടടുത്ത നിമിഷം പ്ലാറ്റ്ഫോമിലുണ്ടായിരുന്ന കാഴ്ചക്കാർ “അയ്യോ റോപ്പ്, റോപ്പ് നോക്കൂ!” എന്ന് ഉച്ചത്തിൽ വിളിച്ചുപറയുന്നുണ്ടെങ്കിലും അതിനുമുൻപ് തന്നെ മരിയ താഴേക്ക് പതിച്ചിരുന്നു.
അപകടം നടക്കുമ്പോൾ മരിയയുടെ പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു. കൺമുന്നിൽ നടന്ന ദുരന്തം കണ്ട് മാനസികമായി തകർന്ന ഇയാളെ പിന്നീട് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന് തൊട്ടുമുൻപ് മരിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രവും കുറിപ്പും ഇപ്പോൾ വൈറലാവുകയാണ്. ജമ്പിങ് ബാൻഡ് ധരിച്ച കൈകളുടെ ചിത്രം പങ്കുവെച്ച്, “ഒരു പാലത്തിൽ നിന്ന് ചാടാൻ എന്നെ അനുവദിച്ച ആ ഭ്രാന്തൻ ആരാണ്?” എന്ന് മരിയ തമാശ രൂപേണ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദുരന്തം ഉണ്ടായത്.
സംഭവത്തിന് പിന്നാലെ കാട്ടിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച കമ്പനി ഉടമസ്ഥർ ഉൾപ്പെടെ ആറ് പേരെ സിവിൽ പോലീസ് വനമേഖലയിൽ നിന്നും ഹെലികോപ്റ്റർ സഹായത്തോടെ തിരച്ചിൽ നടത്തി അറസ്റ്റ് ചെയ്തു. ഇതിൽ മൂന്ന് പേർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. ആവശ്യമായ സുരക്ഷാ ലൈസൻസുകളോ പ്രവേശന നിയന്ത്രണങ്ങളോ ഇല്ലാതെയാണ് ഈ കമ്പനി പ്രവർത്തിച്ചിരുന്നതെന്ന് ലിമേര മേയർ മുറിലോ ഫെലിക്സ് വ്യക്തമാക്കി. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സാഹസിക വിനോദം സംഘടിപ്പിച്ചവർക്കെതിരെ കടുത്ത ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്ന് ബ്രസീൽ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Brazil bungee jumping accident





















