ലണ്ടൻ : കാനഡയിലെ ലണ്ടനിലുള്ള മലയാളി സമൂഹത്തിന്റെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുന്നതിനായി ലണ്ടൻ മലയാളി അസോസിയേഷൻ (LOMA) പോലീസുമായി നിർണ്ണായക ചർച്ചകൾ നടത്തി.
ലോമയുടെ ‘കമ്മ്യൂണിറ്റി വിസിബിലിറ്റി ഇനിഷ്യേറ്റീവ്’ (Community Visibility Initiative)-ന്റെ ഭാഗമായി ലണ്ടൻ പോലീസ് സർവീസിലെ (LPS) കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് വിഭാഗവുമായാണ് അസോസിയേഷൻ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തിയത്. മലയാളി സമൂഹത്തിന് നേരെ അടുത്ത കാലത്തുണ്ടായ വംശീയ ആക്രമണങ്ങളും സുരക്ഷാ ആശങ്കകളും യോഗത്തിൽ പ്രധാന ചർച്ചാവിഷയമായി.
വർദ്ധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികൾ
കഴിഞ്ഞ കുറച്ചു കാലമായി ലണ്ടനിലെ മലയാളി സമൂഹത്തിന് നേരെ നടക്കുന്ന വംശീയവും വിവേചനപരവുമായ അതിക്രമങ്ങളിൽ അസോസിയേഷൻ ശക്തമായ പ്രതിഷേധം അറിയിച്ചു. 2026 ജനുവരി 18-ന് വിക്ടോറിയ പാർക്കിൽ നാല് മലയാളി യുവാക്കൾക്ക് നേരെ നടന്ന ക്രൂരമായ വംശീയ ആക്രമണം യോഗത്തിൽ പ്രത്യേകം പരാമർശിച്ചു. ഈ ആക്രമണത്തിൽ ഒരു യുവാവിന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റിരുന്നു. 2025-ൽ ലണ്ടനിൽ ദക്ഷിണേഷ്യൻ വംശജർക്ക് നേരെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങളിൽ 106 ശതമാനം വർദ്ധനവുണ്ടായെന്ന പോലീസ് റിപ്പോർട്ടും കമ്മ്യൂണിറ്റിക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.
2022 സെപ്റ്റംബറിൽ ഹിറ്റ് ആൻഡ് റൺ അപകടത്തിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർത്ഥി ജിബിൻ സി. ബിനോയിയുടെ കേസിനെക്കുറിച്ചും ലോമ പ്രതിനിധികൾ സംസാരിച്ചു. അന്താരാഷ്ട്ര വിദ്യാർത്ഥികൾ നേരിടുന്ന സുരക്ഷാ പ്രശ്നങ്ങളും ഇത്തരം കേസുകളിൽ നീതി ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും സെക്രട്ടറി എബി തോമസ് പോലീസിനെ ധരിപ്പിച്ചു.
പോലീസിന്റെ വാഗ്ദാനങ്ങൾ
അസോസിയേഷന്റെ പരാതികൾ അതീവ ഗൗരവത്തോടെ കേട്ട പോലീസ് ഉദ്യോഗസ്ഥർ, മലയാളി സമൂഹത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. വംശീയ അധിക്ഷേപങ്ങൾ തടയുന്നതിനും റിപ്പോർട്ട് ചെയ്യുന്നതിനും കമ്മ്യൂണിറ്റി അംഗങ്ങളെ പ്രാപ്തരാക്കുന്നതിനായി പ്രത്യേക ബോധവൽക്കരണ ക്ലാസുകൾ (Community Education Sessions) നടത്താൻ പോലീസ് സമ്മതിച്ചു. കൂടാതെ, മലയാളി യുവാക്കൾക്ക് പോലീസ് സേനയുടെ ഭാഗമാകാൻ താല്പര്യമുണ്ടെങ്കിൽ അതിനായി ‘കരിയർ ഇൻ പോലീസിംഗ്’ (Career in Policing) എന്ന വിഷയത്തിൽ പ്രത്യേക വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കാനും തീരുമാനമായി.
മലയാളി സംസ്കാരത്തെ അടുത്തറിയാൻ താല്പര്യം പ്രകടിപ്പിച്ച പോലീസ് ഉദ്യോഗസ്ഥർ, ഓണം, ക്രിസ്മസ് തുടങ്ങിയ അസോസിയേഷൻ പരിപാടികളിലും പൊതുസംഗമങ്ങളിലും പോലീസിന്റെ സാന്നിധ്യം ഉറപ്പാക്കുമെന്നും അറിയിച്ചു. ഇത് സമൂഹത്തിൽ സുരക്ഷിതബോധം വളർത്താൻ സഹായിക്കുമെന്ന് ലോമ എക്സിക്യൂട്ടീവ് ബോർഡ് വിലയിരുത്തി.
അവകാശ പോരാട്ടത്തിന്റെ പുതിയ ഘട്ടം
1977-ൽ സ്ഥാപിതമായ ലോമ, വെറുമൊരു സാംസ്കാരിക സംഘടന എന്നതിലുപരി മലയാളികളുടെ രാഷ്ട്രീയവും സാമൂഹികവുമായ അവകാശങ്ങൾ സംരക്ഷിക്കുന്ന സംഘടനയായി മാറുന്നതിന്റെ ഭാഗമാണ് ഈ ചർച്ചകൾ. 2025-ൽ ആരംഭിച്ച ‘കമ്മ്യൂണിറ്റി വിസിബിലിറ്റി ഇനിഷ്യേറ്റീവ്’ വഴി പ്രാദേശിക ഭരണകൂടത്തിലും നിയമപാലകർക്കിടയിലും മലയാളികളുടെ സ്വാധീനം വർദ്ധിപ്പിക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്.
പോലീസുമായുള്ള ചർച്ചകൾ വരും ദിവസങ്ങളിലും തുടരുമെന്നും സുരക്ഷാ കാര്യങ്ങളിലെ പുരോഗതി കൃത്യസമയത്ത് കമ്മ്യൂണിറ്റിയെ അറിയിക്കുമെന്നും ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് അറിയിച്ചു. ചെയർമാൻ ശ്രീ. ജിൻസൺ സിറിയക്ക്, ജോയിന്റ് സെക്രട്ടറി ശ്രീ. അനൂപ് വർഗീസ്, സെക്രട്ടറി ശ്രീ. ഏബ് തോമസ് എന്നിവരാണു ഈ ചർച്ചക്കു നേതൃത്വം വഹിച്ചത്.






















